തെരുവുനായ്​ ശല്യം രൂക്ഷം; സംയുക്ത നീക്കവുമായി തദ്ദേശ സ്ഥാപനങ്ങൾ

-വന്ധ്യംകരണ പദ്ധതി നടപ്പാക്കും -ജില്ല പഞ്ചായത്തിന്​ മുഖ്യനിർവഹണച്ചുമതല ആലപ്പുഴ: തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ​ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനൊരുങ്ങി തദ്ദേശ സ്ഥാപനങ്ങൾ. പുറത്തിറങ്ങി നടക്കാനാത്ത വിധം നായ്​ശല്യം രൂക്ഷമായതോടെയാണ്​ ജില്ല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പുതിയ നീക്കം. ഇതിനായി തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉടൻ ചേരുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവ യോജിച്ചാകും പദ്ധതി നടപ്പാക്കുക. പഞ്ചായത്ത് -നഗരസഭ തലത്തിൽ നിരീക്ഷണ സമിതിയുണ്ടാക്കി നിയന്ത്രണ നടപടികൾ ആവിഷ്കരിക്കും. തദ്ദേശഭരണ കോഓഡിനേഷൻ കമ്മിറ്റിയോഗത്തിലാണ് പദ്ധതി നടത്തിപ്പിന്​ തീരുമാനമായത്. മാർഗരേഖയും തയാറാക്കി. ജില്ല പഞ്ചായത്തിനാകും മുഖ്യനിർവഹണച്ചുമതല. നഗരസഭകൾ സ്വന്തം നിലക്ക്​ നടപ്പാക്കണം. പൊതുവിഭാഗം വികസനഫണ്ട്, 15ാം ധനകാര്യ കമീഷൻ ബേസിക് ഗ്രാന്റ്, തനത്​ ഫണ്ടുവിഹിതം തുടങ്ങിയവ വിനിയോഗിക്കാം. ജില്ല പഞ്ചായത്തിന് മറ്റു തദ്ദേശസ്ഥാപനങ്ങൾ വിഹിതം കൈമാറണം. ജില്ല പഞ്ചായത്തിന്​ നേരിട്ടോ, ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും എ.ബി.സി ചെയ്യുന്നതിന് അംഗീകാരവുമുള്ള മൃഗക്ഷേമ സംഘടനകൾ വഴിയോ പദ്ധതി നടപ്പാക്കാം. സംവിധാനങ്ങൾ ജില്ല പഞ്ചായത്ത് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നതെങ്കിൽ വിവിധ സൗകര്യങ്ങൾ ഒരുക്കണം. നായ്ക്കളുടെ എണ്ണത്തിനനുസരിച്ച് രണ്ടു ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരെണ്ണമെന്ന നിലയിൽ ഓപറേഷൻ തിയറ്റർ ഒരുക്കണം. നായ്ക്കളെ പാർപ്പിക്കുന്നതിനായി ഷെൽറ്റർ, ഓപറേഷന്​ മുമ്പും ശേഷവുമുള്ള സംരക്ഷണ യൂനിറ്റ്, സ്റ്റോർ, സി.സി.ടി.വി, അടുക്കള തുടങ്ങിയവയും സജ്ജമാക്കണം. ബ്ലോക്കുതല സംഘം രൂപവത്കരിക്കണം. ഓരോ കേന്ദ്രങ്ങളിലും വെറ്ററിനറി സർജൻ, സഹായി, നാലു മൃഗപരിപാലകർ, ശുചീകരണ പ്രവർത്തകൻ, നായ്​ പിടിത്തക്കാർ എന്നിവരടങ്ങുന്ന ബ്ലോക്കുതല സംഘം രൂപവത്കരിക്കണം. നായ്​ പിടിത്തക്കാർ വേൾഡ് വെറ്ററിനറി സർവിസ് സെന്ററിൽ പരിശീലനം ലഭിച്ചവരായിരിക്കണം. ജീവനക്കാരെ ആറുമാസത്തേക്കാകും നിയമിക്കുക. ആവശ്യമെങ്കിൽ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.