അപ്പർ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ജലനിരപ്പ് വീണ്ടും ഉയരുന്നു ഹരിപ്പാട്: അപ്പർ കുട്ടനാട് ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി. ഇടക്ക് മഴക്ക് ശമനം ഉണ്ടായെങ്കിലും വീണ്ടും മഴ തുടങ്ങിയതോടെ വെള്ളപ്പൊക്ക ഭീഷണി ശക്തമായി. പമ്പ, അച്ചൻകോവിൽ ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്. വളർത്തുമൃഗങ്ങളെയും വാഹനങ്ങളും പൊക്ക പ്രദേശങ്ങളിലേക്ക് പലരും മാറ്റിക്കഴിഞ്ഞു. വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് സാധനസാമഗ്രികൾ സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലാണ് അധികപേരും. മിന്നൽ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പ് ജനങ്ങളുടെ ഭീതി വർധിപ്പിച്ചിട്ടുണ്ട്​. കാർത്തികപ്പള്ളി താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വീയപുരം പഞ്ചായത്തിലെ കണ്ണമാലി, മേപ്പാടം, വെട്ടിപുതുക്കേരി, പാളയത്തിൽ കോളനി, നാലുതെങ്ങിൽ കോളനി, ചെറുതന പഞ്ചായത്തിലെ പാണ്ടി, പോച്ച, പുത്തൻതുരുത്ത്, കാഞ്ഞിരം തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ദുരിതമുണ്ടെങ്കിലും ഒരിടത്തും ക്യാമ്പ്​ തുറക്കാനുള്ള സാഹചര്യം നിലവിലില്ല. വില്ലേജ് ഓഫിസുകളും പഞ്ചായത്തുകളിലെ ദുരന്തനിവാരണ സമിതികളും അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പ്​ തുടങ്ങിക്കഴിഞ്ഞു. ഓണക്കാല വിളവെടുപ്പ് ഉദ്ദേശിച്ച് നടത്തിയ പച്ചക്കറി, വാഴ തുടങ്ങിയ കൃഷികൾ നാശത്തിന്‍റെ വക്കിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.