ആലപ്പുഴ: ജില്ലയിൽ വൈറൽ പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. മഴക്കാലത്ത് പനി ബാധിതരുടെ എണ്ണം വർധിക്കാറുണ്ടെങ്കിലും കാര്യമായി മഴ ലഭിക്കുംമുമ്പ് തന്നെ ഇത്തവണ പനിയെത്തി. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. കോവിഡ് കൂടുന്നുണ്ടെങ്കിലും പനിബാധിതരെ ആശുപത്രികളിൽ കോവിഡ് ടെസ്റ്റിന് നിർബന്ധിക്കുന്നില്ല. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്ക് മാത്രമാണ് പരിശോധന നടത്തുന്നത്. പനിയുടെ പേരിൽ ആശങ്ക പടർത്താതിരിക്കാനും ആരോഗ്യപ്രവർത്തകർ ജാഗ്രത പുലർത്തുന്നുണ്ട്. കോവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നവർ ഏറെയാണെന്നും മിക്കവാറുംപേർ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ നിരക്കും കൂടുതലാണ്. ഇപ്പോൾ പടരുന്ന പനികൾക്കും കോവിഡിനുമെല്ലാം സമാന ലക്ഷണങ്ങളാണ് കാണുന്നതെന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാർ പറഞ്ഞു. ലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്. കോവിഡാണെന്ന് സംശയം തോന്നിയാൽ പരിശോധന നടത്തി ഉറപ്പാക്കും. പനിയെത്തുടർന്ന് പലരും സ്വയം ചികിത്സയിലേക്ക് കടക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. പനിയുടെ സ്വഭാവം പലരിലും വ്യത്യസ്തമാണ്. തൊണ്ടവേദനയോടുകൂടിയ പനി. ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം-ഇവയാണ് സാദാ വൈറൽ പനിയുടെ ലക്ഷണം. പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ എന്നിവ കോവിഡ് ലക്ഷണവുമാണ്. എച്ച്1 എൻ1 പനിയാണെങ്കിൽ പനി, ശരീരവേദന, ഛർദി, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയാകും ലക്ഷണങ്ങൾ. ഡെങ്കിപ്പനിയെങ്കിൽ ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയൽ, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങളുണ്ടാകും. ശക്തമായ വിറയൽ, പനി, തളർച്ച, കുളിര്, ശരീരവേദന, ഛർദി, മനംപുരട്ടൽ, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാൻ പ്രയാസം, കണങ്കാലിൽ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് എലിപ്പനി പിടിപെടുന്നത്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡിൽനിന്ന് മാത്രമല്ല, വൈറൽ പനിയുൾപ്പെടെ പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടുന്നതിനും ഉപകരിക്കുമെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. പനിയുണ്ടെന്ന് തോന്നിയാൽ ഡോക്ടറുടെ സഹായം തേടണം. അല്ലാതെ മരുന്ന് കഴിക്കരുത്. വ്യക്തിശുചിത്വം പാലിക്കുന്നതും പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.