കുടിവെള്ളം മുട്ടിച്ച്​ തകഴിയില്‍ വീണ്ടും പൈപ്പ് പൊട്ടി

പഴയ പൈപ്പ്​ മാറ്റിസ്ഥാപിക്കൽ പാതിവഴിയിൽ തന്നെ അമ്പലപ്പുഴ: ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് വീണ്ടും പൈപ്പ് പൊട്ടി. കടപ്രയിൽനിന്ന്​ കരുമാടിയിലെ ജല ശുദ്ധീകരണശാലയിലേക്ക്​ വെള്ളമെത്തുന്ന പ്രധാനലൈനിൽ തകഴി ക്ഷേത്രം ജങ്ഷന്​ പടിഞ്ഞാറ് ഫെഡറൽ ബാങ്ക് എ.ടി.എമ്മിന്​ സമീപമാണ് കഴിഞ്ഞ രാത്രി വീണ്ടും പൈപ്പ്​ പൊട്ടിയത്. തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തികൾക്കായി ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് തടസ്സപ്പെടുന്നതിനാൽ ശനിയാഴ്ചവരെ അമ്പലപ്പുഴ താലൂക്കിൽ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചു. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ കുഴി രൂപപ്പെട്ട ഭാഗം രാവിലെ കോൺക്രീറ്റ് കൊണ്ട് അടച്ചു. ഇതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തകഴിഭാഗത്തെ 71-ാമത്തെ പൊട്ടലാണിത്. ഗുണനിലവാരമില്ലാത്ത പൈപ്പുമാറ്റിയിടൽ പൂർത്തിയാകാത്തതാണ് പ്രശ്നത്തിന്​ കാരണം. മൂന്നാംഘട്ടത്തിൽ പൈപ്പുമാറ്റാൻ നിശ്ചയിച്ച ഭാഗത്താണിപ്പോൾ തകരാറുണ്ടായത്​. കന്നാമുക്കുമുതൽ വെയർഹൗസ് പാലംവരെയുള്ള രണ്ടാംഘട്ട ജോലികൾ പൂർത്തിയാക്കാതെ മേയ് 17-ന് മുങ്ങിയ കരാറുകാർ ഒരുമാസമായിട്ടും തിരികെയെത്തിയിട്ടില്ല. രണ്ടാംഘട്ടത്തിൽ 23 പൈപ്പുകളായി 138 മീറ്ററാണ് സ്ഥാപിച്ചത്. 72 മീറ്റർ ഇനിയും സ്ഥാപിക്കാനുണ്ട്. മൂന്നാം ഘട്ടത്തിൽ തകഴി വെയർഹൗസ് പാലംമുതൽ റെയിൽവേ ലെവൽ ക്രോസ് വരെയുള്ള 473 മീറ്റർ പൂർണമായി മാറ്റണം. പമ്പിങ് മുടങ്ങുന്നതിനാൽ ജനങ്ങൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ പറഞ്ഞു. റോഡ് പൊളിച്ച് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അമ്പലപ്പുഴ -തിരുവല്ല റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൽ നിർമാണം നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകൾ ഉൾപ്പെടെയുള്ളവ ഈ റൂട്ടിലൂടെയാണ് ഓടുന്നത്. ഇതും വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തകഴിയില്‍ പൈപ്പ് ലൈനിൽ നടക്കുന്ന അറ്റകുറ്റപ്പണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.