ഇൻഫോപാർക്ക്​ ​ചേർത്തല യൂനിറ്റ്​ ടെക്കികൾ ബാക്കടിച്ചു; കെട്ടിടങ്ങൾ കാലി

ആലപ്പുഴ: ഇൻ​ഫോ പാർക്കി‍ൻെറ ചേർത്തല പള്ളിപ്പുറം യൂനിറ്റിനോട്​ അകന്ന്​ സംരംഭകർ. പ്രവർത്തനം തുടങ്ങി 11ാം വർഷത്തിലും ഒഴിഞ്ഞു കിടക്കുകയാണ്​ 75 ശതമാനം ഏരിയയും. ഐ.ടി വിദഗ്​ധരുടെ എണ്ണമാകട്ടെ 20​ ശതമാനം മാത്രം. ഈ യൂനിറ്റിലേക്ക്​ വരാൻ ടെക്കികൾക്ക്​ താൽപര്യമില്ല. ജീവനക്കാരെ കിട്ടാത്തതിനാൽ കമ്പനികളും മടിക്കുന്നു. മികച്ച കെട്ടിടങ്ങളുണ്ടായിട്ടും തളർത്തുന്നത്​ സ്ഥിതിചെയ്യുന്ന സ്ഥലത്തി‍ൻെറ പരിമിതിയാണ്​. ചേർത്തല ഇൻഫോ പാർക്ക്‌ ഒരു പാഠമാണ്. ഗതാഗതസൗകര്യമില്ലാതെ ഐ.ടി പാർക്ക്‌ തുടങ്ങിയിട്ട് കാര്യമില്ലെന്ന പാഠം. കൊരട്ടി പാർക്കിന്‌ ഗതാഗതസൗകര്യം ഉള്ളതിനാൽ അവിടെ കമ്പനികൾ എത്തുന്നുണ്ട്. കൊച്ചിയിൽ സ്ഥലം ചോദിച്ച് എത്തുന്ന കമ്പനികളെ ചേർത്തലയിലേക്ക് ക്ഷണിച്ചാൽ അവർക്ക് താൽപര്യമില്ല. ഇവിടെ നിന്ന് കമ്പനികൾ കൊച്ചിക്ക് പോകാൻ ശ്രമിക്കുന്നുമുണ്ട്. ഇടത്തരം, ഉയർന്ന നിലവാരമുള്ള ഐ.ടി വിദഗ്ധർക്ക് ചേർത്തലയോട് താൽപര്യമില്ല. പുതിയ കമ്പനികൾ, സ്റ്റാർട്ടപ്, ചെറിയ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ കമ്പനികളാണ്​ പ്രവർത്തിക്കുന്നത്​. 2011ലാണ്​ ​ കൊച്ചി ഇ​ൻഫോ പാർക്കി‍ൻെറ സാറ്റലൈറ്റ്​ യൂനിറ്റ്​ എന്ന നിലയിൽ വിഭാവനം ചെയ്ത്​​ ചേർത്തലയിൽ​ യൂനിറ്റ്​ സ്ഥാപിച്ചത്​. 2.40 ലക്ഷം ചതുരശ്രഅടിയാണ്​ വിസ്തീർണം. നാല്​ നിലയിലായി 60,000 ചതുരശ്രഅടിവീതം. ഇതിൽ മുക്കാലും കമ്പനികളെ കാത്തുകിടക്കുന്നു. പ്രധാന പാതകളിൽനിന്നുള്ള കൂടിയ ദൂരമാണ്​ മുഖ്യമായും അനാകർഷക ഘടകം. കൊച്ചിയിൽനിന്ന്​ 30 കിലോമീറ്ററും വൈക്കത്തുനിന്ന്​ 15 കിലോമീറ്റും ആലപ്പുഴയിൽനിന്ന്​ 22 കിലോമീറ്ററുമാണ്​ ഇവിടേക്ക്​ ദൂരം. ഇതൊക്കെയാണെങ്കിലും തൊട്ടടുത്ത ടൗണിലേക്ക്​ ഒമ്പതു​ കിലോമീറ്ററുണ്ട്​. തീർത്തും ഗ്രാമീണ പശ്ചാത്തലം. ആകർഷിക്കുന്ന സ്ഥാപനങ്ങളോ സ്​റ്റൈൽ ഓഫ്​ ലീവിങ്ങിന്​ പറ്റിയ പരിസരമോ ഇല്ലെന്നാണ്​ ടെക്കികൾ പറയുന്നത്​. പാർക്കിലേക്ക്​ നേരിട്ട്​ റോഡ്​ നിർമിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടുമില്ല. വാടകയിൽ ഇളവു വരുത്തുന്നതടക്കം നടപടികൾക്ക്​ ശ്രമം ഊർജിതമാണെങ്കിലും എത്രത്തോളം സംരംഭകരെ ആകർഷിക്കാനാകുമെന്ന കാര്യത്തിൽ സംശയമുണ്ട്​. പുതുതായി എത്തുന്ന കമ്പനികൾക്ക് ആറു മാസം വാടകയില്ലാതെ പ്രവർത്തിക്കാൻ സൗകര്യം നൽകുമെന്ന്​ അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ മറ്റു മേഖലകളിലെ കമ്പനികൾക്കുകൂടി പ്രവർത്തിക്കാൻ അനുമതി നൽകുന്നതും പരിഗണിക്കും. മാളുകൾ ഉൾപ്പെടെ വന്നാലേ ചേർത്തലയിലേക്ക് വലിയ കമ്പനികൾ എത്തൂ എന്ന്​ ഇൻഫോപാർക്ക്​ അധികൃതർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.