ദുരന്തമുഖത്തെ കാഴ്​ചകളിൽ നടുങ്ങി സഞ്ചാരികൾ

ആലപ്പുഴ: ഹൗസ്​ബോട്ട്​ മുങ്ങിയതിന്‍റെയും സഹായത്തിനെത്തിയ മുങ്ങൽ വിദഗ്​ധൻ മുങ്ങി മരിച്ചതിന്‍റെയും ഞെട്ടൽ മാറാതെ സഞ്ചാരികൾ. ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ തമിഴ്​നാട്ടിൽനിന്ന്​ എത്തിയ ലോഗേഷ്​, ഹരി, പ്രേമൻ എന്നിവർക്ക്​ സംഭവത്തെക്കുറിച്ച്​ പറയുമ്പോൾ ഭീതി വിട്ടുമാറുന്നില്ല. ​ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ്​ കാർത്തിക ഒറ്റമുറി ഹൗസ്​ബോട്ടിൽ കറങ്ങാനിറങ്ങിയത്​. രാത്രി കന്നിട്ട ജെട്ടിക്ക്​ സമീപം നിർത്തിയിട്ട ശേഷമാണ്​ ഇവർ കിടന്നുറങ്ങിയത്​. പുലർച്ച അഞ്ചിന്​ ബോട്ടിന്‍റെ ഡ്യൂം തകർന്ന്​ അകത്തേക്ക്​ കയറിയ വെള്ളം കട്ടിലിന്‍റെ സമീപമെത്തിയപ്പോൾ എന്തുചെയ്യണമെന്ന്​ അറിയില്ലായിരുന്നു. ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ വില്യമിന്‍റെ സഹായത്തോടെ ജീവൻരക്ഷിക്കാനുള്ള ഓട്ടത്തിലാണ്​ കരക്കെത്തിയത്​. അ​പ്പോഴാണ്​​ മണിക്കൂറുകൾ സഞ്ചരിച്ച ബോട്ട്​ കൺമുന്നിൽ മുങ്ങിത്താഴ്ന്നത്​. പിന്നീട്​ വിലകൂടിയ ഇവരുടെ ഫോണും വസ്ത്രങ്ങളും മറ്റ്​സാധനങ്ങളും ഉൾക്കൊള്ളുന്ന ബാഗുകൾ തിരിച്ചുകിട്ടാനുള്ള ശ്രമം നടത്തി. ഇതിനായി വാഹനങ്ങൾ എത്താൻ പ്രയാസമുള്ള കന്നിട്ട ജെട്ടിയുടെ തെക്കുഭാഗത്ത്​ മണിക്കൂറുകളോളം തങ്ങി. ഏങ്ങനെ നാട്ടിൽ മടങ്ങുമെന്ന ആശങ്കയുമുണ്ടായിരുന്നു. ഇതിനിടെയാണ്​ ​പ്രദേശത്ത്​ ഹൗസ്​ബോട്ടുകൾ മുങ്ങുമ്പോൾ എപ്പോഴും ഓടിയെത്താറുള്ള മുങ്ങൽ വിദ്​ഗധൻ പ്രസന്നന്‍റെ സഹായം തേടിയത്​. തുടക്കത്തിൽ മുകൾഭാഗം മാത്രമുള്ള ബോട്ടി​ന്‍റെ അകത്തുകടന്ന്​ അതിസാഹസികമായി ഒരുബാഗ്​ പുറത്തെടുത്തു. ഇതിന്​ പിന്നാലെ മറ്റ്​ സാധനങ്ങൾകൂടി എടുത്തുവരാമെന്ന്​ പറഞ്ഞ്​ മുങ്ങിയ പ്രസന്നനെ കാണാതായി. ബോട്ട്​ മുങ്ങിയതിന്​ പിന്നാലെ സഹായിക്കാനെത്തിയ ആൾകൂടി പോയതോടെ മൂവരും പകച്ചുപോയി. അഗ്നിരക്ഷാസേനയും ​പൊലീസും നാട്ടുകാരും ചേർന്ന്​ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ ചേതനയറ്റ പ്രസന്നന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.