ചാരുംമൂട് തെരുവുനായ്​ ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ

ചാരുംമൂട്: ചാരുംമൂട്ടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്​ ശല്യം രൂക്ഷമാകുന്നു. പൊതുനിരത്തുകൾ കൈയടക്കി തെരുവുനായ്കൂട്ടങ്ങൾ രാവും പകലും തമ്പടിച്ചിരിക്കുന്നതിനാൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഭയപ്പാടിലാണ്. കെ. പി. റോഡിൽ വെട്ടിക്കോട്, കരിമുളക്കൽ, ചാരുംമൂട്, നൂറനാട് ഐ.ടി.ബി.പി , പാറ ജങ്ഷൻ എന്നിവിടങ്ങളിൽ നൂറുകണക്കിന് നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. നൂറനാട് പള്ളിമുക്ക് - ആനയടി, വെട്ടിക്കോട് -കണ്ണനാകുഴി റോഡുകളിലും നായ്ക്കളുടെ ശല്യം മൂലം യാത്രക്കാർ ഭീതിയിലാണ്. നായ്ക്കൾ കൂട്ടമായി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്നതും സ്ഥിരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചാരുംമൂട് മേഖലയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വളർത്തിയിരുന്ന ആടുകളെയും കോഴിയെയും തെരുവുനായ്ക്കൾ ആക്രമിച്ചു കൊന്നു. താമരക്കുളം ചത്തിയറ പ്രദേശത്തും തെരുവുനായ്​ ശല്യത്തിൽ ജനങ്ങൾ ഭീതിയിലാണ്. അറവുശാലകളിലെ ഇറച്ചി വേസ്റ്റും, കോഴിക്കടകളിൽ നിന്നുമുള്ള അവശിഷ്ടങ്ങളും സാമൂഹ്യവിരുദ്ധർ റോഡരികുകളിൽ നിക്ഷേപിക്കുന്നതാണ് തെരുവുനായ്ക്കൾ ഇവിടങ്ങൾ താവളം ആക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇരുപതും മുപ്പതും നായ്ക്കളുടെ ഓരോ ഗ്രൂപ്പായിട്ടാണ് ഇവയുള്ളത്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾക്ക്​ പിന്നാലെ ചീറി അടുക്കുന്നതും പതിവുകാഴ്ചയാണ്. നായ്ക്കളുടെ മിന്നലാക്രമണത്തിന് ഇരയാകുന്നതിൽ അധികവും ഇരുചക്രവാഹനയാത്രക്കാരാണ്. നായ്ക്കൾ പാഞ്ഞടുക്കുമ്പോൾ ബാലൻസ് തെറ്റി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. ഈ പ്രദേശങ്ങളിൽ പ്രഭാത സവാരി നടത്തി വന്നിരുന്നവരിൽ മിക്കവരും നായ്ക്കളെ ഭയന്ന് നടത്തം ഉപേക്ഷിച്ചു. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്ന കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പോംവഴി കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്ധ്യംകരണ പദ്ധതി നിലച്ചതാണ് നായ്ക്കളുടെ എണ്ണം വൻ തോതിൽ വർധിക്കാൻ കാരണം. പാലമേൽ പഞ്ചായത്തിലെ മുതുകാട്ടുകരയിലും, താമരക്കുളം ഗ്രാമ പഞ്ചായത്ത് ടൗൺ വാർഡിൽ മേക്കുംമുറി ഭാഗത്ത് തമ്പടിച്ചിട്ടുള്ള രോഗബാധിതരായ ഒരുകൂട്ടം നായ്ക്കൾ പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്​. രോമം പൊഴിഞ്ഞ് പുഴുവും ചെള്ളും നിറഞ്ഞ ശരീരവുമായി സമീപപ്രദേശത്തെ വീടുകളുടെ സമീപത്തും കാർ പോർച്ചുകളിലും കയറി കിടക്കുന്ന നായ്ക്കൾ രോഗ ഭീതിയുയർത്തുന്നു. ചാരുംമൂട് ജങ്ഷൻ, ചന്ത, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരവും എന്നിവിടങ്ങളിൽ നായ്ക്കളുടെ താവള കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മുമ്പ്​ ഇവിടുന്ന് വന്ധ്യംകരണത്തിന് പിടിച്ച് കൊണ്ടുപോയ നായ്ക്കളെ തിരിച്ച് കൊണ്ടുവന്നപ്പോൾ അതിൽ കൂടുതൽ നായ്ക്കളെ പ്രദേശത്ത് ഉപേക്ഷിച്ചതായി ആക്ഷേപമുണ്ട്. ഫോട്ടോ : ചാരുംമൂട് ജങ്ഷന് സമീപം തമ്പടിച്ചിരിക്കുന്ന നായ്​ക്കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.