ആലപ്പുഴ: ചിലയിടങ്ങളിൽ ലഭിച്ച മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മരംവീണ് ജില്ലയിൽ നാലു വീട് ഭാഗികമായി തകർന്നു. കലവൂർ, ആര്യാട് തെക്ക്, പഴവീട്, പത്തിയൂർ എന്നിവിടങ്ങളിലാണ് വീടുകൾക്ക് നാശം. കലവൂർ ചിങ്ങംപറമ്പ് സുധ, ആര്യാട് ഷാജി നിവാസ് ഷാജികുമാർ, പഴവീട് തുളസീഭവനം സാബു, പത്തിയൂർ കുതിരശ്ശേരി രമേശ് എന്നിവരുടെ വീടാണ് തകർന്നത്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. വെള്ളിയാഴ്ച മഴക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വരുന്ന അഞ്ച് ദിവസം ശക്തമായ മഴയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. ജില്ലയിൽ ശനിയാഴ്ച 'യെല്ലോ' അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന്‍റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു. ഇനിയൊരു അറിയിപ്പ് വരെ കടലിൽ പോകരുതെന്നാണ് നിർദേശം. ആറാട്ടുപുഴയിലും ഒറ്റമശ്ശേരിയിലും കടലേറ്റം ശക്തമാണ്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ നെൽകൃഷിക്കാണ് കൂടുതൽ നാശംനേരിട്ടത്. വള്ളികുന്നം പുഞ്ചയിലെ വിളവെടുപ്പിന് പാകമായ 40 ഏക്കർ നെൽകൃഷിയും നശിച്ചു. ഭരണിക്കാവിൽ 22 ഏക്കറിലെ എള്ളുകൃഷിയും നശിച്ചു. ഇലിപ്പക്കുളം, മഞ്ഞാടിത്തറ, വെട്ടിക്കോട് ഭാഗങ്ങളിലെ പാടശേഖരങ്ങളിൽ നടത്തിയ എള്ളുകൃഷിയാണ് നശിച്ചത്. കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ അച്ചൻകോവിലാർ, പമ്പ നദികളിൽ ജലനിരപ്പ് ഉയരുമെന്ന ആശങ്കയുണ്ട്. ജലനിരപ്പ് ഉയർന്നാൽ നൂറനാട് പഞ്ചായത്തിലെ ആറ്റുവ, ചെറുമുഖ, ഇടപ്പോൺ വാർഡുകളിൽ വെള്ളംകയറും. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ 38 ഷട്ടറും തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറും നേരത്തേ തുറന്നതിനാൽ ജലം ഒഴുകിപ്പോകുന്നുണ്ട്. മഴക്കണക്ക്: ജില്ലയിൽ 16.48 മി.മീ. ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച ശരാശരി ലഭിച്ചത് 16.48 മി.മീറ്റർ മഴ. ചേർത്തല-15.00, കാർത്തികപ്പള്ളി-14.2, മങ്കൊമ്പ്-12.00, മാവേലിക്കര-24.2, കായംകുളം-17.00 എന്നിങ്ങനെയാണ് മഴ ലഭിച്ചത്. കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു; അപകടനിലയിലേക്ക് എത്തിയില്ല ആലപ്പുഴ: സമീപ ജില്ലകളിലടക്കം കനത്തമഴയും നദികളിലെ ഒഴുക്കും ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. പലയിടത്തും അപകടനിലയിൽ വെള്ളമെത്തിയിട്ടില്ല. എന്നാൽ, നദികളിലെ മുന്നറിയിപ്പ് നില മറികടന്നാണ് വെള്ളമുയരുന്നത്. പള്ളാത്തുരുത്തിയിൽ 1.05 മീറ്ററാണ് മുന്നറിയിപ്പ് നില. വെള്ളിയാഴ്ച രാവിലത്തെ കണക്കനുസരിച്ച് 1.08 മീറ്ററായി ഉയർന്നു. അപകടനില 1.40 മീറ്ററാണ്. നെടുമുടിയിൽ മുന്നറിയിപ്പ് നില 1.10 ആണ്. ഇവിടെ 1.24 മീറ്റർ ജലമുയർന്നു. അപകടനില 1.45 ആണ്. രണ്ടിടത്തെയും ജലനിരപ്പ് അപകടനിലയിലേക്ക് എത്തിയിട്ടില്ല. തണ്ണീർമുക്കത്ത് മുന്നറിയിപ്പ് നിലക്ക് അടുത്ത് ജലമുയർന്നിട്ടില്ല. കിഴക്കൻ വെള്ളത്തിന്‍റെ വരവിനൊപ്പം മഴ കനത്താൽ സ്ഥിതിമാറുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.