ശുചിത്വമിഷൻ പണം നൽകിയില്ല; തദ്ദേശ സ്ഥാപനങ്ങളുടെ മഴക്കാല പൂർവ ശുചീകരണം അവതാളത്തിൽ

ആലപ്പുഴ: മഴക്കാലപൂർവ ശുചീകരണം പൂർത്തിയാക്കാനാകാതെ തദ്ദേശസ്ഥാപനങ്ങൾ വിഷമിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യദൗത്യവും (എൻ.എച്ച്.എം) ശുചിത്വമിഷനും നൽകിയിരുന്ന പണം ഇത്തവണ ലഭിക്കാത്തതാണ്​ പ്രതിസന്ധി. തുക വൈകിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ തനത്​ ഫണ്ടിൽനിന്ന്​ പണം ഉപയോഗിച്ച്​ ശുചീകരണം നടത്താൻ സർക്കാർ നിർദേശിച്ചു. എന്നാൽ, കോവിഡിനെത്തുടർന്ന്​ സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളിൽ പലതിനും തനത് ​ഫണ്ട്​ ശുചീകരണത്തിനായി നീക്കിവെക്കാനില്ലാത്ത സ്ഥിതിയാണ്. മഴക്കാലപൂർവ ശുചീകരണത്തിനായി എല്ല തദ്ദേശസ്ഥാപന വാർഡുകൾക്കും 30,000 രൂപയാണ്​ സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. 10,000 രൂപവീതം എൻ.എച്ച്.എമ്മും ശുചിത്വമിഷനും നൽകുമ്പോൾ, 10,000 രൂപ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. നിലവിൽ ഭൂരിഭാഗം വാർഡുകൾക്കും തനത്​ ഫണ്ടുപോലും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ​ ശുചീകരണം മുടങ്ങിയിരിക്കുകയാണ്. മഴ നേരത്തേയെത്തുകയും ശുചീകരണം മുടങ്ങുകയും ചെയ്തതോടെ കൊതുകുജന്യരോഗങ്ങൾ വ്യാപകമാണ്​. ഡെങ്കിപ്പനിക്ക്​ ചികിത്സതേടുന്നവരുടെ എണ്ണം വർധിച്ചു. ശുചീകരണം പൂർത്തിയാക്കിയില്ലെങ്കിൽ മഴക്കാലരോഗങ്ങൾ വ്യാപകമാകാനുള്ള സാധ്യത കൂടുതലാണ്. ജൂണിൽ ഫണ്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും മഴക്കാലപൂർവ ശുചീകരണത്തിന്​ ഉപകാരപ്പെടില്ല. ശക്​തമായ മഴ വളരെ നേരത്തേ തുടങ്ങി കഴിഞ്ഞതടക്കം കാരണങ്ങളാലാണിത്​. മഴക്കാല പൂർവശുചീകരണത്തിന്​ മുൻവർഷം അനുവദിച്ച ഫണ്ട് ചെലവഴിച്ചതിന്റെ കണക്ക്​ നൽകുന്നവർക്ക്​ മാത്രമേ ഇക്കുറി പണം അനുവദിക്കൂ എന്ന നിബന്ധനയുമുണ്ട്​. ഒട്ടേറെ തദ്ദേശസ്ഥാപനങ്ങൾ കണക്ക്​ നൽകിയിട്ടില്ലെന്നത്​ മറ്റൊരു പ്രശ്നം. കഴിഞ്ഞവർഷം നൽകിയ തുക മുഴുവൻ ചെലവഴിക്കാത്ത വാർഡുകൾക്ക് ഇക്കുറി മുഴുവൻ തുകയും നൽകില്ല. കഴിഞ്ഞതവണ മിച്ചമുള്ളത് കഴിച്ചുള്ള തുക മാത്രമേ അനുവദിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.