ആലപ്പുഴ: പതിറ്റാണ്ടുകളായ ആസൂത്രണവും പദ്ധതികളും പാളിയതോടെ എ.സി കനാൽ നവീകരണം നടപ്പാകാത്ത സ്ഥിതി കുട്ടനാടിനെ ഓരോ മഴക്കാലത്തും ഭീതിയിൽ നിർത്തുന്നു. കാലാവസ്ഥവ്യതിയാനം കൂടിയായതോടെ കുറഞ്ഞ മാസങ്ങളാണ് കുട്ടനാട്ടുകാർക്ക് സമാധാനത്തോടെ കഴിയാനാകുന്നത്. മുമ്പ് പ്രധാനമായും കാലവർഷത്തിലായിരുന്നു കുട്ടനാട് വെള്ളത്തിലായിരുന്നത്. ഇപ്പോൾ വേനൽ മഴയിലും തുലാമഴയിലുമെല്ലാം വെള്ളക്കെട്ടിലാകുകയാണ്. എ.സി കനാൽ ആഴംകൂട്ടൽ ശാസ്ത്രീയമായി നടക്കാത്തതാണ് മുഖ്യപ്രശ്നം. കുട്ടനാടിനൊപ്പം മുങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് (എ.സി റോഡ്) വെള്ളപ്പൊക്കത്തിന് മീതേ ഉയർന്നു നിൽക്കാൻ പദ്ധതിയാകുകയും പണി തുടങ്ങുകയും ചെയ്തത് ആശ്വാസമായിരിക്കെയാണ് എ.സി കനാൽ വെള്ളപ്പൊക്കത്തിന്‍റെ തീവ്രത കൂട്ടുന്ന നിലയിൽ ഇപ്പോഴുമുള്ളത്. 70 വർഷം മുമ്പ് റോഡിനൊപ്പം നിർമിച്ചതാണ് കനാൽ. പഠനങ്ങളും പദ്ധതികളും തകൃതിയാണെങ്കിലും കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കേണ്ട കനാൽ അഴുക്കുചാലായി തളംകെട്ടി കിടക്കുന്നു. 1950കളിൽ കുട്ടനാടിന്റെ വികസനം ലക്ഷ്യമിട്ട് തയാറാക്കിയ സമഗ്ര രൂപരേഖയിലാണ് തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, എ.സി റോഡ്, എ.സി കനാൽ എന്നിവ സ്ഥാനം പിടിച്ചത്. 2018ലെ വെള്ളപ്പൊക്കത്തോടെ എ.സി റോഡ് നവീകരണത്തിന് നടപടിയായി. ആധുനിക രീതിയിൽ നിർമാണം നടക്കുകയാണിപ്പോൾ. ആഴം കുറഞ്ഞും കൈയേറ്റങ്ങളാൽ വീതി കുറഞ്ഞും കനാൽ കാര്യമായ പ്രയോജനം ചെയ്യാതെ ഏതാണ്ട് നിശ്ചലമാണ്. ആഴവും വീതിയും കൂട്ടുന്നതിനെപ്പറ്റി കാലങ്ങളായി ചർച്ച നടക്കുന്നു. പമ്പയാറ്റിലൂടെയും മണിമലയാറ്റിലൂടെയും എത്തുന്ന വെള്ളം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കുകയെന്ന എ.സി കനാലിന്റെ നിർമാണ ദൗത്യം. ഫലപ്രദമാകുന്നില്ലെന്നതാണ് പ്രശ്നം. എ.സി റോഡ് നിർമാണത്തിന് കര ഉയർത്താൻ മണ്ണെടുത്ത ഭാഗമാണ് കനാലായി രൂപപ്പെടുത്തിയത്. 40 മീറ്റർ വീതിയാണ് ലക്ഷ്യമിട്ടത്. മിക്കവാറും ഇടങ്ങളിൽ വീതി തീരെ ചുരുങ്ങി. മൂന്നു ഘട്ടമായാണ് കനാൽ നവീകരണത്തിന് പദ്ധതിയിട്ടത്. ഇതിൽ മനക്കച്ചിറ-ഒന്നാംകര ഭാഗത്തെ പണി മാത്രമാണ് നടന്നത്. ഇതും പൂർണമായില്ല. നെടുമുടി-പള്ളാത്തുരുത്തി, ഒന്നാംകര-നെടുമുടി ഭാഗങ്ങളുടെ പണി ഒന്നും നടന്നിട്ടില്ല. കനാൽ തുടങ്ങുന്നത് മനക്കച്ചിറയിൽ ആണെങ്കിലും മണിമലയാർ കനാലിൽ ചേരുന്നത് കിടങ്ങറയിൽനിന്നാണ്. കനാലിന്‍റെ ആഴവും വീതിയും കൂട്ടിയാൽ വെളിയനാട്, കാവാലം, നീലംപേരൂർ, രാമങ്കരി തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് ശമനമുണ്ടാകും. കനാൽ നവീകരിക്കാൻ പഠനങ്ങൾ പലത് നടന്നെങ്കിലും ഒന്നുമുണ്ടായില്ല. 2007ൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷനും 2019ൽ പ്ലാനിങ് ബോർഡും നടത്തിയ പഠനങ്ങളിൽ കനാൽ പദ്ധതി പൂർണതോതിലാക്കണമെന്ന് നിർദേശിച്ചിരുന്നു. ആഴവും വീതിയും കൂട്ടുമ്പോൾ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതുപോലെ തിരികെ കയറാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.