ആലപ്പുഴ: മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവായ പൊലീസുകാരനെ താമസസ്ഥലമായ ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുത്തു. അന്വേഷണം ഏറ്റെടുത്ത ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രതിയും വണ്ടാനം മെഡിക്കൽകോളജ് പൊലീസ് എയ്ഡ്പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസറായ സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസുമായാണ് (32) തെളിവെടുപ്പ് നടത്തിയത്. ഈമാസം 10നാണ് റെനീസിന്റെ ഭാര്യ നജ്ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂത്തമകൻ ടിപ്പുസുൽത്താന്റെ കഴുത്തിൽ ഷാൾമുറുക്കിയും ഒന്നേകാൽവയസ്സുള്ള ഇളയകുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിന്പിന്നിൽ റെനീസിന്റെ മാനസിക-ശാരീരിക പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവസമയത്ത് പ്രതിയായ പൊലീസുകാരൻ ഡ്യൂട്ടിയിലായിരുന്നെന്നാണ് മൊഴി. ഇക്കാര്യങ്ങളും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ മറ്റുകാര്യങ്ങളിലും വ്യക്തത വരുത്തുന്നതിനൊപ്പം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വേണ്ടിയുമാണ് ക്വാർട്ടേഴ്സിൽ തെളിവെടുപ്പും പരിശോധനയും നടത്തിയത്. ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് അന്വേഷണസംഘം പറഞ്ഞു. സ്ത്രീധനം കൂടാതെ കൂടുതൽ പണം ആവശ്യപ്പെട്ട് നജ്ലയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും മറ്റുസ്ത്രീകളുമായി റെനീസിന് അടുത്തബന്ധമുണ്ടായിരുന്നതായും പരാതിയുണ്ട്. കടലിൽചാടാനെത്തിയ യുവതിയെ രക്ഷിച്ചു ആലപ്പുഴ: കുടുംബപ്രശ്നത്തെച്ചൊല്ലി കടലിൽ ചാടാനെത്തിയ യുവതിയെ ടൂറിസം പൊലീസ് രക്ഷിച്ചു. വടക്കൻ പറവൂർ സ്വദേശിയായ 27കാരിയാണ് ആത്മഹത്യചെയ്യാൻ ആലപ്പുഴ ബീച്ചിൽ എത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ബീച്ചിലെ കാറ്റാടിഭാഗത്തായിരുന്നു സംഭവം. രാവിലെ മുതൽ കനത്തമഴയിൽ കുടപിടിച്ച് തീരത്ത് ഇരുന്ന യുവതി ഉച്ചയായിട്ടും മാറാതിരുന്നതോടെ സംശയംതോന്നി ടൂറിസം പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൈയിൽ കരുതിയ ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്. നഗരത്തിലെ യുവാവുമായുള്ള പ്രണയ വിവാഹത്തിന് ശേഷം യുവതിക്ക് ബന്ധുക്കളുമായി അടുപ്പമില്ല. യുവാവിനും കാര്യമായ ബന്ധുക്കളില്ല. ഭർത്താവിൽനിന്ന് ശാരിരീക ഉപദ്രവം നേരിട്ടതോടെ മനംനൊന്താണ് കുറിപ്പ് എഴുതി കടലിൽചാടാൻ എത്തിയതെന്ന് പൊലീസിനോട് യുവതി പറഞ്ഞു. വനിത സെല്ലിൽനിന്ന് കൗൺസിലങ് നൽകി. ടൂറിസം എസ്.ഐ. പി.ജയറാം, പൊലീസുകാരായ സീന, മാത്യു, കോസ്റ്റൽ വാർഡൻ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.