* ജില്ലയിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദേശം * പലയിടത്തും വെള്ളക്കെട്ട് ആലപ്പുഴ: കനത്ത മഴയിൽ ജില്ലയിൽ ജാഗ്രത നിർദേശം. മഴ കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രത നിർദേശം നൽകിയത്. ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കലക്ടറേറ്റിലും വിവിധ താലൂക്കുകളിലും തുറന്നു. കനത്ത മഴയിലും കാറ്റിലും മരംവീണ് മൂന്ന് വീട് തകർന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ശശികല അരവിന്ദാക്ഷൻ, മാവേലിക്കര വെട്ടിയാർ മാമ്പള്ളി കിഴക്കേതിൽ സരസ്വതി, കാർത്തികപ്പള്ളി പത്തിയൂർ വില്ലേജ് സന്ദീപ് ഭവൻ ചന്ദ്രൻ എന്നിവരുടെ വീടുകളാണ് തകർന്നത്. മരംവീണ് തകർന്ന ചന്ദ്രന്‍റെ വീടിന് 80,000 രൂപയും ശശികലയുടെ വീടിന് 25,000 രൂപയും നാശനഷ്ടം കണക്കാക്കുന്നു. സരസ്വതിയുടെ വീടിന്‍റെ നഷ്ടം കണക്കാക്കിയിട്ടില്ല. കുട്ടനാട്, അപ്പർ കുട്ടനാട് അടക്കമുള്ള പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ കനത്താൽ ജലനിരപ്പ് ഉയരുമെന്നാണ് ആശങ്ക. അപ്പർ കുട്ടനാട്ടിൽ നെല്ല് സംഭരണത്തെ മഴ കാര്യമായി ബാധിച്ചു. വിവിധയിടങ്ങളിൽ റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ച 2.15ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് സമീപമാണ് മരംവീണത്. രാവിലെ 7.15ന് പുന്നമട തോട്ടത്തോട് ഭാഗത്ത് മരം കടപുഴകി. രണ്ടിടത്തും അഗ്നിരക്ഷ സേനയെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെയും തണ്ണീർമുക്കം ബണ്ടിലെയും മുഴുവൻ ഷട്ടറുകളും തുറന്ന് കൂടുതൽ ഒഴുക്കിവിട്ടാണ് പ്രതിരോധം തീർക്കുന്നത്. തോട്ടപ്പള്ളി പൊഴിയിലൂടെ 100 മീറ്റർ വീതിയിൽ വെള്ളം ഒഴുകുന്നുണ്ട്. മഴ ശക്തമായാൽ കൂടുതൽ വീതിയിൽ മണ്ണുനീക്കും. വെള്ളക്കെട്ടുകൾ രൂക്ഷമായ പ്രദേശത്ത് കൂടുതൽ കരുതലുണ്ടാകും. മഴ കനത്താൽ പുനരധിവാസത്തിന് ഉൾപ്പെടെ ക്രമീകരണങ്ങൾ ഒരുക്കും. കാലവർഷം നേരത്തേ എത്തുന്നതിനാൽ എല്ലാ വകുപ്പുകളും സജ്ജമായിരിക്കാൻ നിർദേശമുണ്ട്. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം തുറക്കേണ്ട സ്കൂളുകളും നിശ്ചയിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങളുടെ ചുമതല പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. ആലപ്പുഴയിലും അതിതീവ്ര മഴ ആലപ്പുഴ: രണ്ടുദിവസമായി ആലപ്പുഴയിൽ ലഭിച്ചത് അതിതീവ്ര മഴ. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ എട്ടുവരെ കണക്കനുസരിച്ച് ജില്ലയിൽ 158.2 മി.മീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തല-104, മങ്കൊമ്പ്-115, മാവേലിക്കര-108.2, കായംകുളം-75.00, ഹരിപ്പാട്-42.4 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിൽ ലഭിച്ച മഴയുടെ കണക്ക്. വരുന്ന അഞ്ചുദിവസം കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മി.മീറ്റർ മുതൽ 204.4 മി.മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൺട്രോൾ റൂം തുറന്നു ആലപ്പുഴ: മഴ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ജില്ല ആസ്ഥാനത്തും വിവിധ താലൂക്കുകളിലും 24 മണിക്കൂറും ഇവ പ്രവർത്തിക്കും. കലക്ടറേറ്റ്-0477 2238630, ടോൾ ഫ്രീ നമ്പർ- 1077, ചേർത്തല- 0478 2813103, അമ്പലപ്പുഴ-0477 2253771, കുട്ടനാട്-0477 2702221, കാർത്തികപ്പള്ളി -0479 2412797, മാവേലിക്കര-0479 2302216, ചെങ്ങന്നൂർ- 0479 2452334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.