പൊലീസ്​ ക്വാർട്ടേഴ്​സിൽ യുവതിയും മക്കളും മരിച്ച സംഭവം: പൊലീസുകാരനായ ഭർത്താവ്​ റിമാൻഡിൽ

ആലപ്പുഴ: പൊലീസ്​ ക്വാർട്ടേഴ്സിൽ യുവതിയും രണ്ടു മക്കളും മരിച്ച സംഭവത്തിൽ പൊലീസുകാരനായ ഭർത്താവ്​ റിമാൻഡിൽ. അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ്​ ഓഫിസറും വണ്ടാനം മെഡിക്കൽ കോളജ്​ പൊലീസ്​ എയ്​ഡ്​പോസ്റ്റിൽ ജോലിചെയ്തിരുന്ന സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസിനെയാണ്​ (32) ആലപ്പുഴ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യപ്രേരണ എന്നിവയാണ് കുറ്റങ്ങൾ. ഭാര്യ നജി​ല (27), മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല (ഒന്നേകാൽ) എന്നിവരെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്നശേഷം നജി​ല തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ്​ നിഗമനം. മാനസിക പീഡനമാണ് യുവതിയുടെ മരണകാരണമെന്ന്​ ബന്ധുക്കൾ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിലും ഇരുവരുമായി വഴക്കുണ്ടായിരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലും റെനീസിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ചയാണ്​ അറസ്റ്റ്​ രേഖപ്പെടുത്തിയത്​. ഭാര്യയെ ഇയാൾ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന പരാതിയിൽ ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും ​മൊഴിയെടുത്ത ശേഷമാണ്​ ഇയാൾക്കെതിരെ കേസെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.