അരൂർ: ത്രിശങ്കുവിലാണ് എരമല്ലൂർ ബസ് സ്റ്റോപ്. പുതുതായി നിശ്ചയിച്ചിടത്തും പഴയ സ്റ്റോപ്പിലും ബസുകൾ നിർത്തുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സ്റ്റോപ്പിൽ ബസുകൾ നിർത്താൻ പൊലീസ് സഹായം ലഭിച്ചില്ലെങ്കിൽ പഞ്ചായത്ത് അംഗങ്ങൾ ബസുകൾ തടയുമെന്ന് എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. പുതിയ എരമല്ലൂർ ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്താത്തത് യാത്രക്കാരെ വലക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ബസുകളെ നിർത്തിക്കാൻ പൊലീസ് സഹായം ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ പരാതി. തെക്കോട്ടു പോകുന്ന ബസുകൾക്ക് ദേശീയപാതയിൽ എരമല്ലൂരിൽ സ്റ്റോപ്പുണ്ടായിരുന്നത് എരമല്ലൂർ ജങ്ഷന്റെ തെക്കുഭാഗത്തായിരുന്നു. സിഗ്നൽ ലൈറ്റിന് സമീപത്തു നിലനിൽക്കുന്ന ബസ് സ്റ്റോപ് അപകടസാധ്യതയുള്ളതാണെന്നും ദേശീയപാത അതോറിറ്റി നിർമിച്ച ബസ് ബേ വടക്കുഭാഗത്ത് പെട്രോൾ പമ്പിന് സമീപത്താണെന്നും ചൂണ്ടിക്കാട്ടി ബസ് സ്റ്റോപ് വടക്കോട്ട് മാറ്റണമെന്നാവശ്യപ്പെട്ട് എഴുപുന്ന ഗ്രാമപഞ്ചായത്ത് റീജ്യൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുതിയ ബസ് സ്റ്റോപ് അനുവദിച്ച് തീരുമാനമായി. എന്നാൽ, ബസുകൾക്ക് സ്റ്റോപ്പിന്‍റെ കാര്യത്തിൽ വ്യക്തത വന്നില്ല. ചില ബസുകൾ രണ്ട് സ്റ്റോപ്പുകളിലും നിർത്തിയപ്പോൾ ചിലത് ഒരിടത്തും നിർത്താതായി. കലക്ടർ, ജില്ല പൊലീസ് മേധാവി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എന്നിവരുടെ അറിവോടെ സ്റ്റോപ്പ് മാറ്റം തീരുമാനിച്ചിട്ടും പരിഹാരമില്ല. പുതിയ ബസ് സ്റ്റോപ്പിൽ കണ്ടെയ്നർ ലോറികളുടേത് ഉൾപ്പെടെ അനധികൃത പാർക്കിങ് ഒഴിവാക്കാനോ സ്റ്റോപ് വകവെക്കാതെ നീങ്ങുന്ന ബസുകളെ താക്കീത് ചെയ്യാനോ പൊലീസ് സേവനം ഇതുവരെ ബസ് സ്റ്റോപ്പിൽ ലഭ്യമായിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. പ്രദീപ് പറയുന്നത്. സർക്കാർ ഉത്തരവ് നടപ്പാക്കാൻ പൊലീസ് ഇനിയും തയാറായില്ലെങ്കിൽ പഞ്ചായത്ത് അംഗങ്ങൾ റോഡിൽ ഇറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.