കോവിഡ്​ ഭീതിക്കൊപ്പം തീരദേശത്ത് പകര്‍ച്ചപ്പനി വ്യാപകം

പൂന്തുറ: കോവിഡ്​ ഭീതിക്ക്​ പുറമേ തീരമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത് ആശങ്കയുയർത്തുന്നു. കോവിഡ്​ പശ്ചാത്തലത്തിൽ അസുഖബാധിതർ ആശുപത്രികളിലേക്ക് പോകാതെ സ്വയം ചികിത്സ നടത്തുന്ന സാഹചര്യമാണ്​. പനി പോലുള്ള അസുഖങ്ങളുമായി ആശുപത്രികളില്‍ എത്തിയാല്‍ കോവിഡി​ൻെറ പേരില്‍ ക്വാറൻറീനില്‍ കഴിയേണ്ടിവരുമെന്ന ആശങ്ക വ്യാപകമാണ്​. മിക്കവരും മെഡിക്കല്‍ സ്​റ്റോറുകളില്‍നിന്ന്​ സ്വയം മരുന്ന്​ വാങ്ങി ചികിത്സ നടത്തുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ തീരദേശമേഖലയില്‍ ബോധവത്​കരണ പ്രവര്‍ത്തനങ്ങളും പകര്‍ച്ചപ്പനി തടയാനുള്ള സംവിധാനങ്ങളും എര്‍​പ്പെടുത്തിയി​െല്ലങ്കില്‍ ഗുരുതരമായ സാഹചര്യമാണുണ്ടാവുകയെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. തീരദേശത്തുനിന്നും പൂര്‍ണമായും തുടച്ചുനീക്കിയ മലമ്പനി പോലുള്ള അസുഖങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങിയതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലാണ്. തീരമേഖലകളില്‍ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നിലച്ചതും മാലിന്യം വ്യാപകമായി കുന്നുകൂടിയതുമാണ് പകര്‍ച്ചവ്യാധികള്‍ വീണ്ടും തലപൊക്കാന്‍ കാരണം. മഴക്കാലത്തിന് മുമ്പേ നഗരസഭ വാര്‍ഡുകളിലെ ഓടകള്‍ ഉൾപ്പെ​െടയുള്ളവ വൃത്തിയാക്കി മാലിന്യസംസ്കരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കോഴിക്കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മാലിന്യങ്ങള്‍ എടുക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് എത്താന്‍ പറ്റാതായതോടെ കച്ചവടക്കാര്‍ മാലിന്യം ചാക്കിൽ കെട്ടി പാര്‍വതിപുത്തനാറിലും ബൈപാസിലെ ഓടകളിലും തീരദേശത്തും വലിച്ചെറിയുന്നു. ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് ദുര്‍ഗന്ധത്തിനൊപ്പം രോഗങ്ങളും പടരുന്നു. ചെറിയ പനിയില്‍ തുടങ്ങുന്ന രോഗം പിന്നീട് പകര്‍ച്ചവ്യാധികളായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അമ്പലത്തറ, പൂന്തുറ, മാണിക്യവിളാകം, പള്ളിത്തെരുവ്, ബീമാപള്ളി ഈസ്​റ്റ്​, ബീമാപള്ളി, മുട്ടത്തറ, വലിയതുറ, ശംഖുംമുഖം, തിരുവല്ലം വാര്‍ഡുകളിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത്. നിലവില്‍ ഇതില്‍ പല വാര്‍ഡുകളും ക​ണ്ടെയ്​ൻമൻെറ്​​ സോണുകളുമാണ്. മഞ്ഞപ്പിത്തം, ഡെങ്കി, എലിപ്പനി, ചികുന്‍ഗുനിയ എന്നിവയും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. തീരത്ത് മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന ആവശ്യവ​ും അവഗണിക്കപ്പെടുന്നു. അറവുശാലാ മാലിന്യങ്ങള്‍ തള്ളുന്ന സംഘങ്ങളെ പിടികൂടാൻ ഏർപ്പെടുത്തിയ ഹെല്‍ത്ത് സ്ക്വാഡി​ൻെറ പ്രവര്‍ത്തനവും കാര്യക്ഷമമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.