തദ്ദേശ സ്ഥാപനം തോറും സ്പോർട്സ് കൗൺസിലുകൾ; വോട്ടെടുപ്പ് മേയ് 18ന്

കോഴിക്കോട്: സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുന്നതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഏപ്രിൽ 13ന് തദ്ദേശസ്ഥാപനങ്ങളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. മേയ് 18നാണ് വോട്ടെടുപ്പ്. മേയ് മൂന്നു വരെ നാമനിർദേശപത്രിക സ്വീകരിക്കും. സ്ഥാനാർഥികളുടെ അന്തിമ പട്ടിക മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കും. മേയ് 19ന് വോട്ടെണ്ണും.

സംസ്ഥാനത്ത് ആദ്യമായാണ് പഞ്ചായത്തുതല സ്പോർട്സ് കൗൺസിലുകൾ ബാലറ്റ് പേപ്പർ തെരഞ്ഞെടുപ്പിലൂടെ രൂപവത്കരിക്കുന്നത്. 2000ത്തിലെ കേരള സ്പോർട്സ് നിയമപ്രകാരമാണ് നടപടി. 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലുമാണ് സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, സ്ഥലം എസ്.ഐ, അസി. എൻജിനീയർ, മെഡിക്കൽ ഓഫിസർ, വില്ലേജ് ഓഫിസർ എന്നിവരടങ്ങുന്ന എക്സ് ഓഫിഷ്യോ അംഗങ്ങൾ, കായിക മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച ഒരു പുരുഷനും ഒരു വനിതയും, രണ്ടു കായികാധ്യാപകർ, പി.ടി.എ പ്രസിഡന്‍റ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരെ ഗ്രാമപഞ്ചായത്ത് നാമനിർദേശം ചെയ്യും.

തെരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങൾ ഇനി പറയുന്നവരാണ്. ഗ്രാമപഞ്ചായത്ത്: പഞ്ചായത്ത് മെമ്പർമാർ അവർക്കിടയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്നു പേർ. ഇവരിലൊരാൾ വനിതയും ഒരാൾ പട്ടികജാതി/ വർഗത്തിൽപെട്ട ആളായിരിക്കണം. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കായികസംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രസിഡന്‍റുമാർക്കിടയിൽനിന്നും തെരഞ്ഞെടുത്ത രണ്ടു പേർ. മുനിസിപ്പാലിറ്റി: മുനിസിപ്പൽ മെംബർമാരിൽനിന്ന് തെരഞ്ഞെടുക്കുന്ന അഞ്ചു പേർ. ഇതിൽ രണ്ടു പേർ വനിതകളായിരിക്കണം. ഒരാൾ പട്ടികജാതി/വർഗത്തിൽ പെട്ടയാളാവണം.

കോർപറേഷൻ: കോർപറേഷൻ കൗൺസിലർമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് അംഗങ്ങൾ. ഇതിൽ രണ്ട് വനിതകൾ, ഒരാൾ പട്ടികജാതി/വർഗത്തിൽ പെട്ടയാളാവണം.

മുനിസിപ്പൽ സ്പോർട്സ് കൗൺസിലിൽ സ്ഥലം എം.എൽ.എ, തഹസിൽദാർ, ജില്ല വിദ്യാഭ്യാസ ഓഫിസർ തുടങ്ങിയവരും എക്സ് ഓഫിഷ്യോ അംഗങ്ങളാണ്. കോർപറേഷൻ സ്പോർട്സ് കൗൺസിലി‍െൻറ പ്രസിഡന്‍റ് മേയർ ആയിരിക്കും.

Tags:    
News Summary - Local local body sports councils; Voting ends May 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.