ഹരിതാഭമായ കുറ്റിക്കാടുകൾക്ക് നക്ഷത്രശോഭ പകരുന്ന കാട്ടുചെത്തിപ്പൂവ് കാഴ്ചയുടെ വിരുന്നാണ്. എല്ലാ കാലത്തും പൂവിടുമെങ്കിലും വർഷകാലത്താണ് കൂടുതൽ പൂക്കൾ കണ്ടുവരുന്നത്. ഒരു ഞെട്ടിൽതന്നെ നക്ഷത്രങ്ങൾക്ക് സമാനമായി നൂറുകണക്കിനു പൂക്കൾ ഉണ്ടാവുമെന്നതാണ് ചെത്തിയെ ഏറെ സുന്ദരിയാക്കുന്നത്. നീലയും പച്ചയും കറുപ്പും ഒഴികെയുള്ള എല്ലാ നിറങ്ങളിലും ചെത്തിപ്പൂവ് കണ്ടുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
വള്ളിരൂപത്തിലുള്ള കാട്ടുചെത്തി അധികം വളരാറില്ല. എന്നാൽ, നാട്ടുചെത്തി അഞ്ചടി വരെ ഉയരത്തിൽ വളരും. മൂത്ത തണ്ടിന് ചാരനിറവും ഇളംകൊമ്പുകൾക്ക് തവിട്ടുനിറവുമാണ്. കാട്ടുചെത്തിയുടെ ഒരു ഞെട്ടിൽ രണ്ട് ഇല ഉണ്ടാവും. ഇലകളുടെ പരമാവധി നീളം രണ്ടിഞ്ചാണ്. വള്ളി നല്ല ബലമുള്ളവയാണ്. എന്നാൽ, തോട്ടത്തിൽ വളരുന്നവയുടെ ഇലക്ക് നാലിഞ്ചുവരെ നീളം കണ്ടുവരുന്നു. വലിയ പൂങ്കുലകളിൽ അനേകം ചെറുപൂക്കളാണുണ്ടാവുക. മുമ്മൂന്ന് പൂക്കൾ ചേർന്ന് ഒരു ചെറിയ കുലയും അനേകം ചെറുകുലകൾ ചേർന്ന് ഒരു വലിയ കൂട്ടവുമായാണ് ദൃശ്യവിരുന്നൊരുക്കുന്നത്. പൂക്കളുടെ ഇടയിലാണ് കേസരങ്ങൾ.
ഇടനാടൻ ചെങ്കൽക്കുന്നുകളാണ് കാട്ടുചെത്തി ചെടികളുടെ പ്രധാനകേന്ദ്രം. കുന്നുകൾ ഇടിച്ചുനിരത്തിയത് ഇവയുടെ നിലനിൽപിന് ഭീഷണിയായി. എന്നാൽ, നാടൻ തോട്ട ചെത്തികൾക്ക് അധികം ഭീഷണിയില്ല. വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഇവയെ ചെക്കി എന്നും വിളിക്കുന്നു. തെയ്യത്തിെൻറ ആടയാഭരണങ്ങൾക്ക് നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ചെത്തി ഉപയോഗിക്കാറുണ്ട്. മുച്ചിലോട്ടു ഭഗവതിയുടെ മുടിയഴകു കൂട്ടുന്നതിൽ പ്രധാനപങ്ക് ചെത്തിക്കാണ്. റൂബിയേസിയേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെത്തിയുടെ ശാസ്ത്രീയനാമം ഇക്സോറ കോക്സീനിയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.