തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള കരട് വോട്ടർ പട്ടികയിൽ നിന്ന് വോട്ടർ ഐ.ഡി കാർഡ് നമ്പർ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ. ഇരട്ട വോട്ടുകൾ കണ്ടുപിടിച്ച് ഇല്ലാതാക്കുന്നതിന് പകരം അതിനെ സാധൂകരിക്കുന്ന നിലപാടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയോടും ആലോചിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ പരിഷ്കാരം നടപ്പാക്കിയത്. ഓരോ വോട്ടർക്കും പുതിയ ഒമ്പത് അക്ക വോട്ടർ നമ്പർ നൽകുകയാണ്. പഴയ വോട്ടർ ഐ.ഡി കാർഡ് മാറ്റിയ ശേഷമാണ് കരട് പട്ടികയിൽ പുതിയ നമ്പർ ഉൾപ്പെടുത്തിയത്.
രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യാതെ ഇത്തരത്തിലൊരു സംവിധാനം എന്തുകൊണ്ട് രഹസ്യമായി ഏർപ്പെടുത്തിയെന്നും പുതിയ വോട്ടർപട്ടികയിൽ നിന്ന് എന്തുകൊണ്ട് ഇലക്ഷൻ ഐ.ഡി കാർഡ് നീക്കം ചെയ്തുവെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കണം.
പുതിയ നമ്പർ നൽകുന്നത് വഴി നിലവിലുള്ള കള്ളവോട്ടുകളെയും ഇരട്ടവോട്ടുകളെയും സർക്കാറിന്റെ ഒത്താശയോടെ കമീഷൻ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന് പിന്നിൽ ഒത്തുകളിയുണ്ടെന്നും ശബരീനാഥൻ പറഞ്ഞു.
തിരുവനന്തപുരം: വോട്ടർപട്ടികയിൽ വോട്ടർ ഐ.ഡി കാർഡിന് പകരം എസ്.ഇ.സി നമ്പർ നൽകിയത് പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർ ഐ.ഡി നമ്പർ സംസ്ഥാന തെരഞ്ഞെുടുപ്പ് കമീഷനുമായി ബന്ധമുള്ളതല്ല. അത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെതാണ്.
എന്നാൽ, പട്ടികയിൽ പേര് തെരയാൻ ഈ നമ്പറും ഒരു ഓപ്ഷനായി നൽകിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ ശുദ്ധീകരണ സമയത്ത് വോട്ടർ ഐ.ഡിയുടെ പഴയ നമ്പർ, ചിലർക്ക് പുതിയ നമ്പർ, പഴയ എസ്.ഇ.സി നമ്പർ, പുതിയ എസ്.ഇ.സി നമ്പർ എന്നിങ്ങനെ പലതരം നമ്പറുകൾ വ്യക്തികൾക്ക് ഉണ്ടായിരുന്നു.
കുറെ പേർ ഒരു നമ്പർ ഇല്ലാതെയും പട്ടികയിൽ വന്നു. ഇത് ഭാവിയിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നതിനാൽ അത്തരം നമ്പറുകൾ എല്ലാം ഒഴിവാക്കി എല്ലാവർക്കും എസ്.ഇ.സി നമ്പർ എന്നൊരു പൊതുനമ്പർ നൽകാൻ തീരുമാനിച്ചു. പട്ടിക പരിശോധിക്കാനാണെങ്കിൽ ഇത്തരം നമ്പറുകൾ ഒന്നും ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.