കോഴിക്കോട്: തൃശൂർ മുതൽ വടക്കോട്ട് ഏഴു ജില്ലകളിൽ ചൊവ്വാഴ്ച പ്രചാരണത്തിന് തിരശ്ശീല വീഴുമ്പോൾ മലപ്പുറവും വയനാടും ഒഴിച്ചുള്ള ജില്ലകളിൽ ഇടത് ആധിപത്യത്തിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ കെട്ടുറപ്പോടെയുള്ള പ്രവർത്തനത്തിലൂടെ യു.ഡി.എഫ് നില മെച്ചപ്പെടുത്തിയേക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽതന്നെ ആളിക്കത്തിയ ശബരിമല സ്വർണക്കൊള്ളയെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലൂടെ അതിജയിക്കാനായതായി ഇടത് ക്യാമ്പ് വിലയിരുത്തുന്നു. അതേസമയം, ശബരിമല വിഷയവും സർക്കാറിനെതിരായ അഴിമതി ആരോപണങ്ങളും അടിത്തട്ടിൽ രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവരിൽ കടുത്ത പ്രതിഷേധവും അമർഷവുമുണ്ടാക്കിയതിനാൽ സാഹചര്യം അനുകൂലമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
രാഹുലും ജമാഅത്തും
തുടക്കത്തിൽ സി.പി.എം പുറത്തെടുത്ത ശക്തമായ ആയുധമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസ്. തുടക്കത്തിൽ പകച്ചുനിന്നെങ്കിലും മുമ്പുണ്ടായ ഇത്തരം വിഷയങ്ങളിൽ പ്രതികളെന്ന് ആരോപിക്കപ്പെട്ടവർക്കെതിരെ സി.പി.എം എന്ത് നിലപാട് സ്വീകരിച്ചു എന്നത് ചർച്ചയാക്കാൻ യു.ഡി.എഫിന് കഴിഞ്ഞതോടെ സി.പി.എം ആക്രമണത്തിന്‍റെ മൂർച്ച കുറഞ്ഞു. ഇതോടെയാണ് വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് ബന്ധം ഉയർത്തിക്കാട്ടി പ്രചാരണം കനപ്പിച്ചത്.
മുഖ്യമന്ത്രി തന്നെ എറണാകുളത്ത് വിഷയം ഏറ്റെടുക്കുകയും തൃശൂരിലും കോഴിക്കോട്ടും ആളിക്കത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ജമാഅത്തെ ഇസ്ലാമിയുമായി നേരത്തെ പിണറായി വിജയൻ തന്നെ നടത്തിയ ചർച്ചകളും നിരവധി ഇടങ്ങളിൽ സി.പി.എമ്മുമായി ചേർന്ന് വെൽഫെയർ പാർട്ടി ഭരണം പങ്കിട്ടതുമടക്കം തെളിവുകൾ പുറത്തുവന്നതോടെ പാർട്ടി പ്രതിരോധത്തിലായി.
ജമാഅത്തുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പിന്തുണ തേടിയിട്ടില്ലെന്നുമുള്ള സി.പി.എം സെക്രട്ടറി എം. ഗോവിന്ദൻ മാസ്റ്ററുടെയും മുഖ്യമന്ത്രിയുടെ തന്നെയും വാദങ്ങൾ മുഖ്യമന്ത്രിക്ക് തന്നെ തിരുത്തേണ്ടിവന്നു. ജമാഅത്ത് ബന്ധം ഉയർത്തിക്കാട്ടുന്നതിലൂടെ രണ്ട് നേട്ടങ്ങളാണ് സി.പി.എം പ്രതീക്ഷിച്ചത്. മതപരമായി ജാമഅത്തിനോട് വിയോജിക്കുന്ന സംഘടനകളെ കൂടെ നിർത്തുകയാണ് ഒന്ന്. രണ്ടാമത്തേത് ഭൂരിപക്ഷ വോട്ട് ലക്ഷ്യമാക്കിയുള്ള ധ്രുവീകരണവും. എന്നാൽ, മതസംഘടനകൾ ഇത് ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, വെൽഫെയർ പാർട്ടി ഏത് മുന്നണിയുമായി ചേരണമെന്നത് അവരുടെ തീരുമാനമാണെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങൾ വ്യക്തമാക്കിയതോടെ സമസ്തയിലെ ലീഗ് വിരുദ്ധ ഗ്രൂപ്പും അടങ്ങി. സി.പി.എം നേരത്തെ ജമാഅത്തെ ഇസ്ലാമിയുമായി ചർച്ച നടത്തിയതിന്‍റെ തെളിവുകൾ പുറത്തുവന്നതോടെ ധ്രുവീകരണ സാധ്യതയും മങ്ങി.
അടിത്തട്ടിലെ ചിട്ടയായ പ്രവർത്തനം
രാഷ്ട്രീയ വിഷയങ്ങളിലും സർക്കാർ വിരുദ്ധ പ്രചാരണങ്ങളിലും യു.ഡി.എഫ് മുന്നിട്ടുനിന്നെങ്കിലും അടിത്തട്ടിൽ ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സി.പി.എം സംഘടനാ സംവിധാനം ശക്തമായതിനാൽ ആത്മവിശ്വാസത്തിൽ മുന്നിലാണ് എൽ.ഡി.എഫ്. യു.ഡി.എഫിന്‍റെ ദുർബലമായ സംഘടനാ സംവിധാനത്തിൽ പിടിച്ചുകയറിയാണ് മലപ്പുറം ഒഴിച്ചുള്ള ജില്ലകളിൽ എൽ.ഡി.എഫ് ആധിപത്യം നിലനിർത്തുന്നത്. ഇത്തവണ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ സി.പി.ഐ ഉടക്കിയിട്ടുണ്ടെങ്കിലും ഇതിനെ സി.പി.എം ഗൗരവമായി കാണുന്നില്ല.
തൃശൂരിൽ നിലവിലെ ഇടത് ആധിപത്യം അട്ടിമറിക്കാനുള്ള സന്നാഹങ്ങളൊന്നും യു.ഡി.എഫ് ക്യാമ്പിലുണ്ടായിട്ടില്ല. ശബരിമല പ്രശ്നം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കേസിൽ അതിജയിക്കാനായതിന്‍റെ ആശ്വാസത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. രാഹുൽ പ്രശ്നം ക്ഷീണമായെങ്കിലും തുടക്കത്തിലുണ്ടായിരുന്ന വിമത പ്രശ്നങ്ങൾ പരിഹരിച്ച് യു.ഡി.എഫ് അവസാന നാളുകളിലുണ്ടാക്കിയ മുന്നേറ്റം വോട്ടായി മാറിയാൽ കോർപറേഷൻ പിടിക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നു.
പാലക്കാട്ട് രാഹുൽ വിഷയം കത്തിച്ചെങ്കിലും തുടക്കത്തിൽ പതറിയ യു.ഡി.എഫിന്‍റെ പോരാട്ട വീര്യത്തിന് ഇത് അധികം മങ്ങലേൽപിച്ചിട്ടില്ല. ജില്ല പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഇടതുമേൽക്കോയ്മയിൽ അൽപം കോട്ടം സംഭവിക്കാമെങ്കിലും അട്ടിമറികളൊന്നും പ്രതീക്ഷിക്കുന്നില്ല. അതേസമയം, നഗരസഭകളിലും പഞ്ചായത്തുകളിലും അട്ടിമറികൾക്ക് സാധ്യതയില്ലാതില്ല. പാലക്കാട് നഗരസഭയിൽ ഹാട്രിക് ഭരണം ലക്ഷ്യമിട്ടുള്ള എൻ.ഡി.എയുടെ പ്രതീക്ഷകൾക്ക് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വിനയാകുമോ എന്ന് കാത്തിരുന്ന് കാണാം.
പെരിന്തൽമണ്ണയിലെയും പൊന്നാനിയിലെയും പോക്കറ്റുകളിലൊഴിച്ചാൽ മലപ്പുറത്ത് പ്രത്യേക നേട്ടമൊന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. മുസ്ലിം ലീഗും കോൺഗ്രസും മുൻ വർഷങ്ങളേക്കാൾ ഐക്യത്തോടെ മുന്നോട്ടുപോകുന്നു.
വയനാട്ടിൽ കോൺഗ്രസിനകത്തെ വിമത പ്രശ്നങ്ങൾ നേട്ടമാക്കാൻ എൽ.ഡി.എഫ് ശ്രമിക്കുന്നുണ്ടെങ്കിലും ജില്ല യു.ഡി.എഫ് ആധിപത്യത്തിൽ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കണ്ണൂർ കോർപറേഷൻ യു.ഡി.എഫ് നിലനിർത്തിയേക്കുമെങ്കിലും ജില്ലയുടെ മൊത്തം കണക്കെടുപ്പ് നടത്തുമ്പോൾ എൽ.ഡി.എഫിന് തന്നെയാണ് മുൻതൂക്കം.
കാസർകോട് ഇത്തവണ പോരാട്ടം ശക്തമാണ്. ജില്ല പഞ്ചായത്തിൽ എൻ.ഡി.എ നില മെച്ചപ്പെടുത്തിയാൽ യു.ഡി.എഫിന് അത് ക്ഷീണമാകും. അതേസമയം, മറിച്ചാണെങ്കിൽ യു.ഡി.എഫിന് ഭരിക്കാം.
കോഴിക്കോട് കോർപറേഷൻ പിടിക്കാൻ മാസങ്ങൾക്കുമുമ്പേ ഒരുക്കം തുടങ്ങിയ യു.ഡി.എഫ് പക്ഷേ, വോട്ടില്ലാത്ത സംവിധായകൻ വി.എം. വിനുവിനെ മേയർ സ്ഥാനാർഥിയാക്കി നാണംകെട്ടതോടെ പ്രവർത്തകരുടെ ആവേശം കുത്തനെ ഇടിഞ്ഞു. ചില വാർഡുകളിൽ ശക്തമായ പോരാട്ടം നടക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫ് ആധിപത്യം തുടരാനാണ് സാധ്യത. ജില്ല പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ യു.ഡി.എഫ് നേട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആധിപത്യം എൽ.ഡി.എഫിന് തന്നെയാകും. ഏഴ് നഗരസഭകളിൽ നിലവിൽ നാലെണ്ണം യു.ഡി.എഫിനാണെങ്കിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.