പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

യുദ്ധങ്ങൾ പരിഹാരമല്ല

യുദ്ധമെന്ന് കേൾക്കുമ്പോൾ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളും ജീവൻ രക്ഷപ്പെടുത്താനായി ഓടുന്ന വിയറ്റ്നാമിലെ ഒമ്പത് വയസ്സുകാരി ഫാൻ തി കിം ഫുക്കിന്റെ ചിത്രവുമാണ് പലരുടെയും മനസ്സിൽ ആദ്യമെത്തുക. അമേരിക്കൻ ബോംബിങ്ങിൽ, ഉടുത്തിരുന്ന വസ്ത്രങ്ങൾ എരിഞ്ഞുപോയ ശേഷം ഇരുകൈകളും ഉയർത്തി നിസ്സഹായയായി ഓടുന്ന വിയറ്റ്നാം പെൺകുട്ടിയുടെ ചിത്രം മനുഷ്യസ്നേഹികളുടെയെല്ലാം ഉള്ളുലച്ചതാണ്. ലോകത്തിന്റെ ഉറക്കം കെടുത്തുന്ന രീതിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തിവരുന്ന യുദ്ധത്തിലെ ഇരകളിലധികവും കുട്ടികളാണ്. തെക്കൻ ഇറാനിൽ മിനാബിലെ ഗേൾസ് എലിമെന്ററി സ്കൂളിന് നേരെയുണ്ടായ ബോംബിങ്ങിൽ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികൾക്കായി ഒരുക്കിയ കൂട്ടക്കുഴിമാടങ്ങൾ കണ്ട ഞെട്ടലിൽ നിന്നും ലോകം ഇപ്പോഴും മുക്തരായിട്ടില്ല.

ലോകത്ത് എവിടെ യുദ്ധം നടന്നാലും ക്രൂരത അനുഭവിക്കാൻ വിധിക്കപ്പെട്ടവർ കുട്ടികളും സ്ത്രീകളുമാണ്. യുദ്ധങ്ങളും സംഘർഷങ്ങളും കാരണം ഒരു വർഷം ഒരു ലക്ഷം കുട്ടികൾ വരെ കൊല്ലപ്പെടാറുണ്ട്. ഗസ്സ വംശഹത്യയിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഇരുപതിനായിരത്തോളം കുട്ടികളാണ് കൊല്ലപ്പെട്ടത്. 473 ദശലക്ഷം കുട്ടികൾ വിവിധ രാജ്യങ്ങളിൽ സംഘർഷ മേഖലകളിലാണുള്ളതെന്ന് യു.എൻ ഏജൻസിയായ യുനിസെഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം, പഠനം മുടങ്ങൽ, പോഷകാഹാര കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയ നിരവധി വെല്ലുവിളികളാണ് യുദ്ധങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാറുള്ളത്. പുരുഷന്മാർ ആസൂത്രണം ചെയ്യുന്ന യുദ്ധത്തിൽ വലിയ രീതിയിൽ ദുരിതം പേറുന്നവരാണ് സ്ത്രീകളും.

യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യമായിരിക്കും എന്ന ആപ്തവാക്യം ശരിവെക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ കാണുന്നത്. ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നും യു.എസ് പ്രസിഡന്റ് ട്രംപിന്റെ പറച്ചിൽ തന്നെ അതിനുള്ള തെളിവാണ്. മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ലോകയുദ്ധമായി മാറിയ പ്രതീതിയാണ്. മിഡിൽ ഈസ്റ്റിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവനും തൊഴിലും വ്യാപാരവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഏറെ ആശങ്കയോടെയാണ് മലയാളികൾ ഓരോ ദിവസവും തള്ളി നീക്കുന്നത്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഇടങ്ങളിലേക്ക് മിസൈലും ഡ്രോണുകളും വിക്ഷേപിക്കുന്ന നടപടിയിൽനിന്ന് ഇറാൻ പിന്മാറേണ്ടതുണ്ട്. ഗസ്സയിലെ വംശഹത്യയെ തുടർന്ന് ലോകരാജ്യങ്ങൾ ഇസ്രായേലിന് അയിത്തം കൽപിക്കുമ്പോൾ അവരെ വാരിപ്പുണരുകയും അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപറത്തിക്കൊണ്ടുള്ള ട്രംപിന്റെ യുദ്ധഭ്രാന്തിന് കുടചൂടുകയും ചെയ്യുന്ന മോദി സർക്കാറിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ആയുധ നിർമാണ കമ്പനികൾക്ക് കോടികൾ ലാഭം കൊയ്യാനും ഭരണവീഴ്ചകൾ മറച്ചുവെക്കാനും ഭരണകൂടങ്ങൾ ആസൂത്രണം ചെയ്യുന്നതാണ് ഓരോ യുദ്ധങ്ങളും. മരുഭൂമിയിൽ പെയ്യുന്ന മഞ്ഞുതുള്ളികൾ പോലെയാണത്. ആയുധങ്ങൾക്ക് മൂർച്ചകൂട്ടി മനുഷ്യരക്തം ചിന്തുന്ന അവസ്ഥക്ക് അറുതിയുണ്ടാവാനായി നമുക്ക് കൈകൾ ഉയർത്താം.

Tags:    
News Summary - Wars are not the solution; Panakkad Sadiqali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.