കോട്ടക്കൽ (മലപ്പുറം): സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലയിലെ മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. രണ്ട് തവണ പാർട്ടി ജില്ല സെക്രട്ടറിയായിരുന്നു.
മലപ്പുറം ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിലാണ് ആദ്യം ജില്ലാ സെക്രട്ടറിയായത്. 2021 ഡിസംബറിൽ തിരൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024ൽ താനൂരിൽ നടന്ന സമ്മേളനത്തിൽ ജില്ല സെക്രട്ടറി സ്ഥാനത്തു നിന്നും മാറി. ദേശാഭിമാനി മലപ്പുറം യൂനിറ്റിന്റെ പ്രഥമ മാനേജറാണ്. 1951 സെപ്‌റ്റംബർ 15നായിരുന്നു ജനനം. വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി.
സി.പി.എം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, 11 വർഷം മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്.എഫ്.ഐ ജില്ല ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെ.എസ്.വൈ.എഫ് ജില്ല പ്രസിഡന്റും ഡി.വൈ.എഫ്.ഐ പ്രഥമ ജില്ല പ്രസിഡന്റുമായി. റെയ്‌ഡ്‌കോ വൈസ് ചെയർമാനായും പ്രവർത്തിച്ചു.
2007ൽ മണ്ണഴി എ.യു.പി സ്‌കൂൾ പ്രധാനാധ്യാപകനായിരിക്കെ വിരമിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗമായിരിക്കെയാണ് 2010-16 ദേശാഭിമാനി മലപ്പുറം യൂനിറ്റ് മാനേജറുടെ ചുമതല വഹിച്ചത്.
ദേശാഭിമാനി മലപ്പുറം യൂനിറ്റിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. അഴിമതിക്കും നിയമന നിരോധനത്തിനുമെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെ പൊലീസിന്റെ ക്രൂരമർദനത്തിനിരയായി. നിരവധി യുവജന സമരങ്ങൾക്ക് നേതൃത്വം നൽകി. കെ.എസ്.കെ.ടി.യു,- സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. ദീർഘകാലം കോഡൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. ബാങ്കിനെ ജില്ലയിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനമായി വളർത്തി. കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) പ്രസിഡന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗമാണ്.
ഭാര്യ: കെ. ഗീത (റിട്ട. അധ്യാപിക). മക്കൾ: ധ്യാൻ മോഹാൻ, ഡോ. ദിവ്യ. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.