ചിലർ തന്‍റെ ചോരക്ക് കാത്തിരിക്കുന്നു -ഗണേഷ്
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സി മെഡിക്കൽ സെന്‍റർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മന്ത്രിക്ക് വിലയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയതെന്ന് ഗണേഷ് ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് സ്ഥാപനത്തെ നശിപ്പിക്കാനാണ്. കെ.എസ്.ആർ.ടി.സിക്ക് സ്ഥിരം സി.എം.ഡിയായി പ്രമോദ് ശങ്കറെ നിയമിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. താൻ മന്ത്രിസ്ഥാനം വിട്ടുപോയാലും കെ.എസ്.ആർ.ടി.സിയെ മുന്നോട്ടു കൊണ്ടുപോകണം. ജീവനക്കാരുടെ ഡി.എകാര്യം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നിയമപരമായി തെറ്റ് ചെയ്തിട്ടില്ല’
ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണത്തിൽ പ്രതിസന്ധിയിലായ മന്ത്രി ഗണേഷ്‍കുമാർ തന്‍റെ നിലപാട് മന്ത്രിസഭ യോഗത്തിൽ വിശദീകരിച്ചു. നിയമപരമായി താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ഗണേഷ് പറഞ്ഞു. ഉണ്ടായത് കുടുംബപരമായ പ്രശ്നമാണെന്നും അത് പരിഹരിച്ചെന്നും മന്ത്രി വിശദീകരിച്ചു. മറ്റ് മന്ത്രിമാർ അഭിപ്രായം പറയാതിരുന്നതോടെ മുഖ്യമന്ത്രി യോഗത്തിന്‍റെ അടുത്ത അജണ്ടയിലേക്ക് കടന്നു. രാവിലെ 10ന് തുടങ്ങിയ മന്ത്രിസഭ യോഗത്തിന് ഗണേഷ് എത്തിയത് വൈകിയാണ്. ഇതിനുപിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച് മന്ത്രി വിശദീകരിക്കുകയായിരുന്നു. കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടുവെന്നതടക്കം ഭാര്യയുടെ ആരോപണത്തിലെ ധാർമിക പ്രശ്നങ്ങളൊന്നും മന്ത്രിയുടെ വിശദീകരണത്തിൽ ഉൾപ്പെടുകയോ മറ്റുള്ളവർ ഉന്നയിക്കുകയോ ഉണ്ടായില്ല. മന്ത്രിസഭ യോഗശേഷം ഗണേഷ്‍കുമാർ മുഖ്യമന്ത്രിയെ തനിച്ച് കണ്ടും സംഭവം സംബന്ധിച്ച വിശദീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.