തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി ബ്ലോക്ക് പ്രസിഡന്റുമാർക്ക് പിന്നാലെ പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക ജൂൺ അവസാനത്തോടെ പ്രഖ്യാപിക്കും. ഇതിനാവശ്യമായ ചർച്ചകൾ ജില്ലതലങ്ങളിൽ സജീവമായി. ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ തുടർന്ന് പാർട്ടിയിലെ ഗ്രൂപ്പുകൾ ആരംഭിച്ച പ്രതിഷേധനീക്കം തണുത്തതോടെയാണ് ജില്ലതലങ്ങളിൽ പുനഃസംഘടനാസമിതി യോഗങ്ങൾ സജീവമായത്.
ഒറ്റ പേരിലേക്ക് എത്തുന്നതിന് വിവിധ ഗ്രൂപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തുള്ള ജില്ലതല സമിതികൾ കരട്പട്ടിക വിശദമായി പരിശോധിച്ച് വരുകയാണ്. ജില്ലതലത്തിൽ തീരുമാനമാകാത്തവ മാത്രമാകും കെ.പി.സി.സിയുടെ അന്തിമ തീർപ്പിന് വിടുക. മണ്ഡലം പ്രസിഡന്റുമാരെ കൂടി തീരുമാനിക്കുന്നതോടെ താേഴത്തട്ടിൽ പാർട്ടി കൂടുതൽ സജീവമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ഏറ്റവും അനിവാര്യമായ സംവിധാനമെന്ന നിലക്കാണ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വം നടപടികൾ ഊർജിതമാക്കിയത്. മണ്ഡലം പുനഃസംഘടന കൂടി പൂർത്തിയാകുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കൂടുതൽ സജീവമാക്കും.
182 മണ്ഡലം കമ്മിറ്റികളുള്ള തലസ്ഥാനജില്ലയിൽ 90 ഓളം മണ്ഡലങ്ങളിൽ ധാരണയായി. 26ന് ജില്ലതലങ്ങളിൽ പുനഃസംഘടനാസമിതി വീണ്ടും യോഗം ചേർന്ന് ശേഷിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിൽ ധാരണയുണ്ടാക്കാനാണ് നീക്കം. ഇതേ നിലയിൽ മറ്റ് ജില്ലകളിലും സമവായ കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.