മദ്യപാനം മൗലികാവകാശമല്ല –ഹൈകോടതി

കൊച്ചി: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി. മദ്യ ഉപയോഗം വ്യാപകമായി അപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ അധികാരത്തെ തടയാനാവില്ളെന്നും ഉപഭോഗം നിയന്ത്രിക്കുന്ന മദ്യനയം മൗലികാവകാശത്തിന്‍െറ ലംഘനമല്ളെന്നും കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിയായ ടാപ്പിങ് തൊഴിലാളി എം.എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ജോലിക്കുശേഷം അല്‍പം മദ്യം കഴിക്കുന്നത് തന്‍െറ ഭക്ഷണക്രമത്തിന്‍െറ ഭാഗമാണെന്നും സര്‍ക്കാറിന്‍െറ മദ്യനയം സ്വകാര്യതക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം.
മദ്യനയം മൗലികാവകാശ ലംഘനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. മദ്യനയം സുപ്രീംകോടതിവരെ ശരിവെച്ച പശ്ചാത്തലത്തിലായിരുന്നു സിംഗിള്‍ബെഞ്ച് നടപടി. തുടര്‍ന്നാണ് ഹരജിക്കാരന്‍ അപ്പീല്‍ നല്‍കിയത്. എന്നാല്‍, മൗലികാവകാശമെന്നത് മദ്യാസക്തി തൃപ്തിപ്പെടുത്താന്‍ വ്യക്തികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യമല്ളെന്ന് ഹരജി പരിഗണിച്ച ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. സാമൂഹികനന്മയും മേന്മയും ലക്ഷ്യമിട്ടുള്ള താല്‍പര്യങ്ങള്‍ വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശത്തെക്കാള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. മദ്യം ഉപയോഗിക്കുന്നത് സ്വകാര്യതയുടെ ഭാഗമാണെങ്കില്‍ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് അവ വിധേയവുമാണ് -കോടതി വ്യക്തമാക്കി.

 

Tags:    
News Summary - liquor consumption not fundamental right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.