ലിഗ: കസ്​റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേരെ വിട്ടയച്ചതായി വിവരം

കോവളം: വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കസ്​റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേരെ വിട്ടയച്ചതായി വിവരം. ഇവരുടെ നീക്കങ്ങൾ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നതായി സൂചന. അവശേഷിക്കുന്ന മൂന്നുപേർ കസ്​റ്റഡിയിൽതന്നെ. ശക്തമായ തെളിവുകളുടെ അഭാവത്തിലാണ് രണ്ടുപേരെ വിട്ടയച്ച​െതന്നാണ് വിവരം. ഇവരുടെ തുടർനീക്കങ്ങളിൽനിന്ന് തെളിവുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

ലിഗയെ പൂനംതുരുത്തിൽ എത്തിച്ചു​വെന്ന് പറയപ്പെടുന്ന ഫൈബർ വള്ളത്തിൽനിന്ന് കുറച്ച് തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നെങ്കിലും അത് ഫലവത്തായില്ല എന്നാണ് സൂചന. പൂനംതുരുത്തിലെ വള്ളിപ്പടർപ്പുകളിൽ തെളിവുകൾക്കായി പൊലീസ് ഞായറാഴ്ച വിശദമായ തിരച്ചിൽ നടത്തി. പ്രദേശവാസികളായ മൂന്നുപേരുടെ സഹായത്തോടെ സമീപത്തെ ആറ്റിലും തിരച്ചിൽ നടത്തി.

വിഴിഞ്ഞം സി.ഐ എൻ. ഷിബുവി​​​െൻറ നേതൃത്വത്തിലാണ് ഞായറാഴ്​ച മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ലെൻസുകളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയത്. പ്രതികളുടെ മുടിയിഴകൾ ഉൾെപ്പടെ തെളിവുകൾ കണ്ടെത്താനായിരുന്നു തിരച്ചിൽ. ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല എന്നാണ് വിവരം. പ്രതികൾ തെളിവുകൾ തീയിട്ട് നശിപ്പിച്ചതായും വിവരമുണ്ട്. മുഖ്യപ്രതി എന്ന് സംശയിക്കുന്ന യോഗ അധ്യാപകൻ ഉൾെപ്പടെയുള്ളവർക്കെതിരെ ശക്തമായ തെളിവുകൾ ഇല്ലാത്തതിനാലാണ് അറസ്​റ്റ്​ വൈകുന്നത്. 

പ്രദേശത്തെ വീടുകളിൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതാണ് പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരിലേക്ക് എത്താൻ പൊലീസിന് കൂടുതൽ സഹായകമായത്. കസ്​റ്റഡിയിലുള്ള മൂന്നുപേരെ വിശദമായി പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്ന ശേഷമേ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാകൂ. 


അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കസ്​റ്റഡിയിലുള്ള ​പ്രതികൾ രക്ഷപ്പെടാൻ നൽകിയ മൊഴികൾ വ്യാജമാണെന്ന്​ അന്വേഷണസംഘം സ്ഥിരീകരിച്ചതിന്​ പിന്നാലെ അറസ്​റ്റിലേക്ക്​ നീങ്ങാൻ നിർണായക തെളിവുകൾ സമാഹരിക്കാനുള്ള ശ്രമങ്ങളിലാണ്​ പൊലീസ്. കൃത്യം നടന്ന സ്ഥലത്തെ വള്ളിപ്പടർപ്പുകളിൽനിന്ന്​ ലഭിച്ച മുടിയിഴകളുടെയും മറ്റും ഫോറൻസിക്​ പരിശോധന ഫലംകൂടി പുറത്തുവരുന്നതോടെ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ്​ പ്രതീക്ഷ. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും പുറത്തുവരാനുണ്ട്​. മാനഭംഗശ്രമമോ സമാന നീക്കങ്ങൾക്കോ ലിഗ ഇരയായിട്ടു​​​ണ്ടോ എന്നത്​ രാസപരിശോധനാ ഫലത്തിൽനിന്ന്​ വ്യക്തത വര​ും. രണ്ടു ദിവസത്തിനുള്ളിൽ ഇവ ലഭിക്കും. 

കൃത്യം നടന്ന സ്ഥലത്തും പരിസരത്തും ഞായറാഴ്​ച വീണ്ടും പൊലീസ്​ പരിശോധന നടത്തി. സംഭവം നടന്ന സ്ഥല​ത്തോട്​ ചേർന്നുള്ള കരമനയാറി​​​െൻറ ഭാഗങ്ങളിലും നാല്​ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച്​ പരിശോധന നടത്തി. അറസ്​റ്റിന്​ മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കുന്ന നടപടികളുടെ ഭാഗമായിരുന്നു പരിശോധന. പൊലീസും സർക്കാറും പലതരത്തിൽ വിമർശനങ്ങളേറ്റ കേസ്​ ​എന്ന നിലയിൽ സമഗ്ര അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്​. നിരവധിപേരെ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍നിന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ നാലുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. 

നന്ദി അറിയിച്ച് ലിഗയുടെ ഭർത്താവ് ആൻഡ്രൂ ജോർദാൻ
കോവളം: പിന്തുണക്കും സഹായത്തിനും ഇന്ത്യൻ ജനതക്ക്​ നന്ദി അറിയിച്ച് കൊല്ലപ്പെട്ട ലിഗയുടെ ഭർത്താവ് ആൻഡ്രൂ ജോർദാൻ. ഒരു ഐറിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രൂ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇവിടെയുള്ളവർ എല്ലാം സംഭവത്തിൽ മനസ്സ് മരവിച്ച അവസ്ഥയിലാണ്. സംഭവങ്ങൾക്ക് തങ്ങളും തലകുനിക്കേണ്ട അവസ്ഥയാണെന്ന് ഇവിടുത്തുകാർ തന്നോട് പറഞ്ഞതായി ആൻഡ്രൂ പറയുന്നു. അവർ എനിക്ക് ആഹാരം തന്നു, വസ്ത്രങ്ങൾ തന്നു, സ്വന്തം ജോലികൾ ഉപേക്ഷിച്ച് ലിഗക്കായി തിരച്ചിലിന് വന്നു. എ​​​െൻറ താങ്ങായി എട്ടുപേർ കൂടെയുണ്ട്. 

ലിഗയെ കാണാതായ സമയം തന്നെ പൊലീസ് ഊർജിത അന്വേഷണം നടത്തിയിരുന്നെങ്കിൽ ജീവനോടെ കണ്ടെത്താമായിരുന്നുവെന്ന് ആൻഡ്രൂ പറയുന്നു. എന്നാൽ, ഇപ്പോൾ പ്രതികളെ കണ്ടെത്താൻ പൊലീസ് നടത്തുന്ന നീക്കങ്ങൾ പ്രശംസ അർഹിക്കുന്നു. ലിഗയെ കൊലപ്പെടുത്തിയത് ബീച്ച് ബോയ്സ് അല്ല. നിരവധിപേരോട് സംസാരിച്ചതിൽനിന്ന് അവർക്ക് അത് ചെയ്യാനുള്ള കഴിവില്ലെന്ന് അറിഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. ലിഗ തനിച്ചു കണ്ടൽക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി രണ്ടു വനിതകൾ പൊലീസിന് മൊഴി നൽകിയതായും അഭിമുഖത്തിൽ പറയുന്നു.


 

Tags:    
News Summary - liga killing case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.