കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ പുറത്തുപോയാൽ കൂടെ പ്രധാന ഫാക്കൽറ്റികളും സ്ഥാപനം വിടുമെന്ന ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രസ്താവനക്കു മറുപടിയുമായി വിദ്യാർഥികൾ.
ഡയറക്ടറുടെ താൽപര്യപ്രകാരം നിയമിക്കപ്പെട്ടവർ മാത്രമേ അദ്ദേഹത്തിനൊപ്പം പോകൂ. സിനിമയെക്കുറിച്ചു പഠിപ്പിക്കാനറിയാത്തവരാണ് പല ഫാക്കൽറ്റികളുമെന്നും അവർ പോകുന്നതാണ് സ്ഥാപനത്തിനു നല്ലതെന്നും വിദ്യാർഥികൾ പറയുന്നു. യൂ ട്യൂബിൽ സിനിമ കാണിക്കുന്നതാണ് പഠനം എന്നാണ് ചിലരുടെ ധാരണ. ഇവരുടെ ക്ലാസ് മോശമാണെന്നുകാട്ടി പരാതി നൽകിയിട്ടുള്ളതാണ്.
നേരത്തേ അധ്യാപകരുടെ ക്ലാസ് വിലയിരുത്താൻ വിദ്യാർഥികൾക്ക് സംവിധാനം ഉണ്ടായിരുന്നു. അതില്ലാതാക്കി. ആർട്ട് ഓഫ് പ്രൊട്ടസ്റ്റിന്റെ ഭാഗമായി പുറത്തുനിന്നുള്ളവർ എത്തിയപ്പോഴാണ് മികച്ച ക്ലാസ് കിട്ടിയത്. അടൂരിന്റെ മാനസികാവസ്ഥയാണ് ഇൻർവ്യൂവിലൂടെ പുറത്തുവന്നത്. അതെത്ര മോശമാണെന്നും വ്യക്തമായി. സ്ഥാപനത്തിലെ എല്ലാ വിദ്യാർഥികളും സമരത്തിലില്ലെന്ന ചെയർമാന്റെ വാദം തെറ്റാണ്. ഞങ്ങളെല്ലാം ഒരേ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്.
രണ്ടു ബാച്ചിലെയും 82 വിദ്യാർഥികളും സമരത്തിന്റെ കൂടെയുണ്ട്. ചെയർമാൻ ഉഴപ്പൻ എന്നു വിളിച്ച് ആക്ഷേപിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിലെ ഏറ്റവും മികച്ച അധ്യാപകരിലൊരാളെയാണ്. തന്നെക്കുറിച്ചുള്ള ആക്ഷേപത്തിന് കമീഷൻ റിപ്പോർട്ടു വന്ന ശേഷം പ്രതികരിക്കാമെന്ന് അസോസിയേറ്റ് പ്രഫസറായ എം.ജി. ജ്യോതിഷ് പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ ഇന്റർവ്യൂവിലാണ് അടൂർ ഗോപാലകൃഷ്ണൻ വിദ്യാർഥികളെയും അവരുടെ സമരത്തിനു പിന്തുണ നൽകുന്നവരെയും ആക്ഷേപിച്ചു സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.