കാസർകോട്: പട്ടാപകൽ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ആക്രമണത്തിൽനിന്ന് രണ്ടുവയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ അടുത്താണ് പുലി എത്തിയത്. പുലി കോഴിയെ പിടിക്കുന്ന സമയം തൊട്ടടുത്ത് കുട്ടി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ കാസർകോടാണ് സംഭവം. കുട്ടിയാനത്തെ എം. ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഇയാളുടെ തോട്ടത്തിലെ തൊഴിലാളി അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മകൻ ആയുഷ് പേടിച്ച് കരയുന്ന ശബ്ദം കേട്ട് എത്തിയ അമ്മ കാവ്യയാണ് സംഭവം കണ്ടത്. ആദ്യം ഭയന്നെങ്കിലും പിന്നീട് കുട്ടിയെ എടുത്ത് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. പുലി കോഴിയെകൊണ്ട് കാട്ടിലേക്ക് പോവുകയും ചെയ്തു. കാവ്യയും മകന്‍ ആയുഷുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയാണെന്ന് സ്ഥിരീകരിച്ചു. ചെളിയില്‍ പതിഞ്ഞ കാല്‍പാടുകൾ, പുലിയുടെ രോമങ്ങൾ എന്നിവ ഇവിടെനിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മുളിയാര്‍ പഞ്ചായത്തില്‍ രണ്ട് വർഷത്തോളമായി പുലി ശല്യം അനുഭവിക്കുന്നുണ്ട്. എന്നാൽ പകൽ സമയത്തും പുലിയിറങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.