പി.എം ശ്രീ: സംഘ്പരിവാറിന് കീഴടങ്ങാനുള്ള ഇടതുസർക്കാർ തീരുമാനം പിൻവലിക്കണം - റസാഖ് പാലേരി

തിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പ് വെക്കേണ്ടതില്ലെന്ന നേരത്തെയുള്ള നിലപാടിൽ നിന്ന് യു-ടേൺ അടിക്കാനുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഭരണഘടനാ തത്വങ്ങൾ മറികടന്ന് ആർ.എസ്.എസ്സിന്റെ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കാനുള്ള കുറുക്കുവഴിയാണ് പി.ശ്രീ പദ്ധതി. കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിദ്യാഭ്യാസമേഖലയിൽ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനാണ് ബി ജെ പി സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

പി.എം ശ്രീയിൽ ഒപ്പ് വെച്ചില്ലെങ്കിൽ ഫണ്ടില്ലെന്ന തിട്ടൂരം അതിന്റെ ഭാഗമാണ്. ബി.ജെ.പിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വിഹിതങ്ങൾ വെട്ടിക്കുറച്ചു അവിടുത്തെ ജനങ്ങളെ ശിക്ഷിക്കുന്നത് ബി.ജെ.പിയുടെ ഭരണനയമായി മാറിയിരിക്കുകയാണ്. സർവമേഖലയിലും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനും വെട്ടിച്ചുരുക്കാനുമാണ് ബി.ജെ.പി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു കേന്ദ്രസർക്കാർ, സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധ മോഡലിൽ നയങ്ങൾ സ്വീകരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.

സംഘ്പരിവാറിനോടുള്ള ഒത്തുതീർപ്പുകൾ അതിന്റെ മുമ്പിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇടതുപക്ഷം മനസ്സിലാക്കണം. പി.എം ശ്രീയിൽ ഒപ്പ് വെക്കേണ്ടതില്ലെന്ന നിലപാടിൽ നിന്നും പിൻമാറാനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണം.

പല മേഖലകളിലും ആർ.എസ്.എസ്സുമായി ഒത്തുതുതീർപ്പിലെത്തുന്ന ഡീലിംഗ് സിഎമ്മായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് നയങ്ങളെക്കെതിരായ ഏതു നിലപാടിനും കേരളീയ സമൂഹത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് ഇടതുപക്ഷത്തിന് അറിയാമായിരുന്നിട്ടും പൊടുന്നനെ ഉണ്ടായ ഈ മലക്കം മറിച്ചിൽ ദുരൂഹത ഉണ്ടാക്കുന്നുണ്ട്.

പി.എം ശ്രീയിൽ ഒപ്പിട്ട് സംഘ്പരിവാറിന് കീഴടങ്ങാനുള്ള ഇടതുസർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Left government should withdraw its decision to surrender to Sangh Parivar - Razak Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.