ലക്ഷക്കണക്കിന്​ രോഗികൾക്ക്​ ഇടതുസര്‍ക്കാര്‍ ധനസഹായം നിഷേധിച്ചു -ഉമ്മന്‍ ചാണ്ടി

കോട്ടയം: ക്ഷേമപെന്‍ഷനുകളെക്കുറിച്ച് പെരുമ്പറ കൊട്ടി വ്യാജപ്രചാരണം നടത്തുന്ന ഇടതുസര്‍ക്കാര്‍, ധനസഹായം നിഷേധിച്ച്​ ലക്ഷക്കണക്കിന്​ രോഗികളെ ദുരിതത്തിലാക്കിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തിന് സാമൂഹ്യക്ഷേമ മിഷനിലൂടെയും മറ്റും നൽകികൊണ്ടിരുന്ന ധനസഹായം നിര്‍ത്തലാക്കിയത്​ വൃക്ക രോഗികളെ അടക്കം പ്രയാസത്തിലാക്കിയിരിക്കുകയാണ്​. അഞ്ചുവർഷം മുമ്പ്​ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച തുക ഇതുവരെ വർധിപ്പിച്ചിട്ടുമില്ല. 'കാരുണ്യ' പദ്ധതിയും ഇപ്പോള്‍ പ്രതിസന്ധിയിലാണെന്ന്​ ഉമ്മൻചാണ്ടി ചൂണ്ടികാട്ടി.

ഡയാലിസിന് വിധേയമാകുന്നവര്‍ക്കും വൃക്കമാറ്റിവച്ച് തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും പ്രതിമാസം നൽകുന്ന 1100 രൂപയുടെ സമാശ്വാസം പദ്ധതിയില്‍ 2019 ഒക്‌ടോബര്‍ മുതലുള്ള ധനസഹായം കുടിശികയാണ്. ഒരു കാരണവശാലും മുടങ്ങാന്‍ പാടില്ലാത്ത ഡയാലിസിസ് തുടരാനാവാതെ ഇതുമൂലം രോഗികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നു.

കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം പദ്ധതി 2019 മെയ് മുതല്‍ കുടിശികയാണ്​. 2018 ഏപ്രില്‍ മുതലുള്ള അപേക്ഷ പരിഗണിച്ചിട്ടില്ല. പ്രതിമാസം 600 രൂപയാണ് ധനസഹായം. കിടപ്പുരോഗികളെ പരിചരിക്കുവാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍.

മാതാവിനെയോ പിതാവിനെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക്​ ധനസഹായം നൽകുന്ന സ്‌നേഹപൂര്‍വം പദ്ധതിയില്‍ 2019, 2020 എന്നീ വര്‍ഷങ്ങളിലെ തുക ഇതുവരെ നൽകിയില്ല. അധ്യയനവര്‍ഷത്തി​െൻറ തുടക്കത്തില്‍ നൽകേണ്ട തുകയാണിത്​.

ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചു. ഇവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള യാത്രാബത്തയായ 12,000 രൂപ നൽകുന്നില്ല. വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുകയായ 28,500 രൂപയില്‍ നിന്ന് 12,000 രൂപ കിഴിച്ച് 16,500 രൂപയേ നൽകൂ. ഓട്ടിസം, സെറിബ്രല്‍ പള്‍സി തുടങ്ങിയവയുള്ള കുട്ടികളാണിവര്‍.

8700 എച്ച്​.ഐ.വി ബാധിതര്‍ക്ക് പ്രതിമാസം നൽകേണ്ട 1000 രൂപ ധനസഹായം നിലച്ചിട്ട് 18 മാസമായി. 2019 സെപ്റ്റംബര്‍ മുതല്‍ ഇത്​ കുടിശികയാണ്​. ചികിത്സക്കും മറ്റു ജീവിതച്ചെലവുകള്‍ക്കും പണം കണ്ടെത്താനാവാതെ സമൂഹത്തില്‍നിന്നും വീട്ടുകാരില്‍നിന്നും ഒറ്റപ്പെട്ട അവര്‍ നട്ടംതിരിയുന്നു.

വയനാട്ടിലെ 1000 അരിവാള്‍ രോഗികള്‍ക്ക് 2000 രൂപവച്ചുള്ള ധനസഹായം മാസങ്ങളായി മുടങ്ങി. കാന്‍സര്‍ രോഗികള്‍ക്ക് ആർ.സി.സി വഴി നൽകിവരുന്ന 1,000 രൂപ ധനസഹായം ഒരു വര്‍ഷമായി നിലച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി നൽകിയ കാരുണ്യ ധനസഹായ പദ്ധതി ഇല്ലാതായി. ഈ പദ്ധതി ഇപ്പോള്‍ ആയുഷ്മാന്‍ പദ്ധതിയുടെ കീഴിലാക്കി. ഇതൊരു ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. നേരത്തെ അനായാസം മുന്‍കൂറായി ചികിത്സ സഹായം കിട്ടിയിരുന്ന പദ്ധതി ആയുഷ്മാ​െൻറ കീഴിലാക്കിയതോടെ കടമ്പകളേറെയായതായും ഉമ്മൻചാണ്ടി ആരോപിച്ചു.

Tags:    
News Summary - Left government denies financial assistance to lakhs of patients -Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.