മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ അൻവർ ഭീഷണി മറികടക്കാൻ നേതാക്കൾക്ക് കർശന നിർദേശവുമായി മുസ്ലിംലീഗ്. മണ്ഡലത്തിന്റെ ചുമതലയുള്ള എൻ. ഷംസുദ്ദീൻ എം.എൽ.എ, കെ.എം. ഷാജി, പി.കെ. ബഷീർ എം.എൽ.എ എന്നിവർക്ക് പെരുന്നാളിനൊഴികെ എല്ലാ ദിവസവും മണ്ഡലത്തിൽ ഉണ്ടാകണമെന്ന് നിർദേശം നൽകി. നേരത്തെ ചുമതലയിലുണ്ടായിരുന്ന, സജീവമല്ലാത്ത ചിലരെ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു.
സ്ഥാനാർഥി തർക്കവും പി.വി. അൻവറുമായുമായുള്ള ധാരണ പൊളിഞ്ഞതും യു.ഡി.എഫിന് ആഘാതമായെന്ന വിലയിരുത്തലിലാണ് ലീഗ്. മുഖ്യഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസിന് നൽകുന്ന ബഹുമാനം മൂലമാണ് ലീഗ് ഈ വിഷയത്തിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാതിരുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന വിധമുള്ള പരിക്കുകളാണ് അൻവർ വിഷയം യു.ഡി.എഫിനുണ്ടാക്കിയത്. എന്നാൽ, ഈ വെല്ലുവിളി മറികടക്കാനുള്ള ശക്തി ലീഗിന് മണ്ഡലത്തിലുണ്ടെന്നും അൻവറിന്റെ പിന്തുണയില്ലെങ്കിലും തോൽവി സംഭവിക്കില്ലെന്നുമുള്ള വിലയിരുത്തലിലാണ് പാർട്ടി.
യു.ഡി.എഫ് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടുകളിൽ കുറച്ച് നഷ്ടപ്പെടാനിടയുണ്ട്. അത് മറികടക്കാൻ സൂക്ഷ്മതലത്തിലുള്ള പ്രവർത്തന പദ്ധതിക്കാണ് ലീഗ് രൂപം നൽകിയിരിക്കുന്നത്. അനുഭാവി വോട്ടുകൾ ഒന്ന് പോലും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയുണ്ടാകും. ലീഗിന് ശക്തമായ അടിത്തറയുള്ള മൂന്ന് പഞ്ചായത്തുകളിൽ പ്രത്യേകം ശ്രദ്ധിക്കും.
ഭാവി രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പാണിതെന്ന നിലക്കുള്ള ജാഗ്രത അൻവർ വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. വിട്ടുവീഴ്ച ചെയ്താണെങ്കിലും അൻവറിനെ ഒപ്പം നിർത്തുന്നതായിരുന്നു ഉചിതമെന്ന നിലപാടിൽ പാർടി ഉറച്ചുനിൽക്കുകയാണ്. ആ വികാരം കോൺഗ്രസ് ഉൾക്കൊള്ളാത്തതിലുള്ള പ്രതിഷേധവുമുണ്ട്.
യു.ഡി.എഫിലേക്ക് ചേക്കാറാനുള്ള ആയുധമായിട്ടാണെങ്കിലും അൻവർ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽ ന്യായമുണ്ടെന്ന നിലപാടിലാണ് ലീഗ്. മലപ്പുറത്ത് കേസുകളുടെ എണ്ണം കുത്തനെ കൂട്ടിയതടക്കം ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളുടെ പ്രധാന ഇര ലീഗിന്റെ അണികൾ കൂടിയാണ്. ആ നിലയിൽ ലീഗ് അണികൾക്കിടയിൽ അൻവറിനോട് അനുഭാവമുണ്ട്. അത് ഉൾക്കൊള്ളണം, അല്ലെങ്കിൽ അത്തരം വികാരമുള്ളവർ പുറത്തുപോകുമെന്നും ലീഗ് വിലയിരുത്തുന്നു.
മലപ്പുറം: പി.വി. അൻവർ വിഷയം സങ്കീർണമായതിൽ കോൺഗ്രസിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്കും പ്രധാന പങ്കുണ്ടെന്ന വിലയിരുത്തലിലാണ് മുസ്ലിംലീഗ്. ഗ്രൂപ്പ് രാഷ്ട്രീയം വി.ഡി. സതീശനും സതീശൻ വിരുദ്ധരുമെന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. തീരുമാനങ്ങളിൽ ഉണ്ടാകുന്ന വീഴ്ചകൾ സതീശനെ അടിക്കാനുള്ള വടിയായാണ് എതിർവിഭാഗം ഉപയോഗിക്കുന്നത്. സതീശൻ വിരുദ്ധപക്ഷത്ത്, അൻവർ നിലയുറപ്പിച്ചതാണ് പ്രശ്നം വഷളാക്കിയത്.
ആർക്കും വഴങ്ങാത്ത അൻവറിന്റെ പ്രകൃതം യു.ഡി.എഫിന് ഭാവിയിൽ ബാധ്യതയാകുമെന്ന സതീശന്റെ നിരീക്ഷണത്തോട് ലീഗും ഒരു പരിധിവരെ യോജിക്കുന്നു. എന്നാൽ, 2026ലെ വിജയം നിലനിൽപ്പിന്റെ പ്രശ്നമായതിൽ മുഴുവൻ പേരെയും തൽക്കാലത്തേക്കെങ്കിലും ഒരു കുടക്കീഴിൽ അണിനിരത്താമായിരുന്നെന്നാണ് ലീഗ് നേതൃയോഗത്തിലുയർന്ന പൊതുവികാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.