തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച് രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന് റിപ്പോർട്ട്. അതേസമയം, സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന കെ. സുധാകരൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ ചെന്നുകണ്ട് ചർച്ച നടത്തി. തന്നെ മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ സുധാകരൻ ആന്റണിയുടെ പിന്തുണ തേടിയെന്നാണ് വിവരം. ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും പറയേണ്ട ദിവസം നാളെ കഴിഞ്ഞുവരുമെന്നും അപ്പോൾ മാധ്യമങ്ങളെ കാണാമെന്നും ആന്റണിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം സുധാകരൻ പറഞ്ഞു.
നേതൃമാറ്റത്തിൽ രണ്ടുദിവസത്തിനകം തീരുമാനം വരാനുള്ള സാധ്യതയായി സുധാകരന്റെ വാക്കുകൾ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തീരുമാനം ഉടനുണ്ടാകുമെന്ന് മുതിർന്ന നേതാവ് കെ. മുരളീധരനും പറഞ്ഞു. സുധാകരനെ മാറ്റേണ്ടതില്ലെന്ന് പരസ്യനിലപാട് സ്വീകരിച്ചയാളാണ് മുരളീധരൻ. അതുകൊണ്ടുതന്നെ സുധാകരനെ മാറ്റുമെന്നല്ല, തുടരുമെന്നുള്ള പ്രഖ്യാപനമാണ് രണ്ടുദിവസത്തിനകം ഉണ്ടാകുകയെന്നും ചില കേന്ദ്രങ്ങൾ പറയുന്നു. അതിനിടെ, കേരളത്തിലെ സംഘടന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
നേതൃമാറ്റത്തെ ചൊല്ലി കേരളത്തിലെ കലഹത്തിൽ രാഹുലിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. കോൺഗ്രസിലെ കലഹം യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ തകർക്കുന്ന നിലയിലേക്ക് വളരരുതെന്ന സന്ദേശം മുസ്ലിം ലീഗ് എ.ഐ.സി.സിക്ക് നൽകിയിട്ടുണ്ട്. ഏറെ നാളായി കേരളത്തിലെ കോൺഗ്രസിൽ പുകയുന്ന നേതൃമാറ്റ ചർച്ച സുധാകരനെ ഹൈകമാൻഡ് ദൽഹിയിലേക്ക് വിളിപ്പിച്ചതോടെയാണ് വീണ്ടും ചൂടുപിടിച്ചത്. ദൽഹിയിൽ സുധാകരനുമായി മുക്കാൽ മണിക്കൂർ സംസാരിച്ച ഖാർഗെയും രാഹുൽ ഗാന്ധിയും മാറ്റം സംബന്ധിച്ച് അറിയിച്ചെന്നാണ് റിപ്പോർട്ട്.
ചർച്ച കഴിഞ്ഞെത്തിയ സുധാകരൻ പറഞ്ഞത് മാറാൻ തന്നോട് ആരും പറഞ്ഞിട്ടില്ലെന്നാണ്. അതിനിടെ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാദാസ് മുൻഷിക്കെതിരെ സുധാകരൻ പക്ഷം ഹൈകമാൻഡിന് മുന്നിൽ പരാതിയുമായെത്തി. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നെന്നാണ് ഇവരുടെ പരാതി. സുധാകരൻ മാറുകയാണെങ്കിൽ ആന്റോ ആന്റണി എം.പി, സണ്ണി ജോസഫ് എം.എൽ.എ എന്നിവരാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണനയിലെന്നാണ് റിപ്പോർട്ട്. ഇരുവർക്കുമെതിരായ പരാതികളും ഹൈകമാൻഡിന് മുന്നിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.