മലപ്പുറം: കേരള കുംഭമേള എന്ന പേരിൽ മലപ്പുറം തിരുവനാവായയിൽ നടക്കുന്ന മഹാമാഘമകം തടയാൻ സർക്കാറും മലപ്പുറത്തെ ഒരുവിഭാഗവും ശ്രമിക്കുന്നുവെന്ന സംഘ്പരിവാർ പ്രാചാരണങ്ങൾക്കെതിരെ അധ്യാപകനും എഴുത്തുകാരനുമായ ആർ. ഷിജുവിന്റെ കുറിപ്പ്. കുംഭമേളയുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതികവും നിയമപരവുമായ തടസ്സങ്ങളെ വിദ്വേഷത്തിന്റെ നുണകുംഭങ്ങൾ തുറന്നുവിട്ട് നാടിന്റെ സമുദായിക ഐക്യത്തെ ചുട്ടുചാമ്പലാക്കരുതെന്ന് ആർ.ഷിജു ഫേസ്ബുക്കിൽ കുറിച്ചു.
തിരുമാന്ധാം കുന്നും ആലത്തിയൂരും കാടാമ്പുഴയും നാവാമുകുന്ദ ക്ഷേത്രവും തൃക്കണ്ടിയൂരും തൃപ്പങ്ങോടുമടക്കം ചരിത്ര പ്രാധാന്യമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഉള്ളിടമാണ് മലപ്പുറം. തിരിപ്പറമ്പ് ജുമ മസ്ജിദിന്റെ നവീകരിച്ച സമയത്ത് സന്തോഷത്തോടെ പായസം വിളമ്പിയത് മുതിരിപ്പറമ്പ് കുന്നുമ്മല്‍ ഭഗവതിക്ഷേത്ര ഭാരവാഹികളാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്രഭാരവാഹികളും ഒരുമിച്ചിരുന്ന് ഉത്സവ തീയതി കുറിക്കുന്ന ക്ഷേത്രമുള്ളത് കാസര്‍കോടാണ്, മുസ്‌ലിം തറവാട്ടില്‍ നിന്ന് കാച്ചിമുണ്ട് ക്ഷേത്രത്തില്‍ കാണിക്ക നല്‍കുന്നത് കോഴിക്കോട്ടെ ഓര്‍ക്കാട്ടേയിരിയില്‍ തന്റെ നാട്ടിലാണ്. അതാണ് കേരളം, കേരളത്തിൻ്റെ ഗ്രാമാന്തരങ്ങളില്‍ ഇറങ്ങി നടന്നാല്‍ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും നുണകള്‍ പൊളിഞ്ഞു വീഴുകയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആയിരം സത്യങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞു വരികയും ചെയ്യുമെന്നും ആർ.ഷിജു കുറിച്ചു.
"റംസാന്‍ മാസത്തില്‍ കുടിവെള്ളം കിട്ടാത്ത മലപ്പുറ' ത്തിന് ശേഷം ഞങ്ങളവതരിപ്പിക്കുന്നു, 'കുംഭമേള നടത്താന്‍ സമ്മതിക്കാത്തവരുടെ ബാപ്പാന്റെ വകയല്ല മലപ്പുറം.'
തിരുനാവായ മണപ്പുറത്ത് ഇന്ന് മുതല്‍ നടക്കാനിരിക്കുന്ന കുംഭമേളയുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ തീര്‍ത്തും നിയമപരവും സാങ്കേതികവുമായിരുന്നു എന്ന് വാര്‍ത്തകള്‍ കണ്ടാല്‍ മനസ്സിലാവും. നദീതീരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് വില്ലേജ് ഓഫീസില്‍ നിന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ചത്. അതാവട്ടെ കലക്ടറുമായുളള ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടിരിക്കുന്നു.
ഇന്ന് തുടങ്ങുകയാണ് കുംഭമേള. നല്ലതു തന്നെ! പക്ഷേ, അപ്പോഴേക്കും വിദ്വേഷത്തിന്റെ നുണകുംഭങ്ങള്‍ തുറന്നുവിട്ട എന്തെല്ലാം നറേറ്റീവുകളാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയ ചുറ്റിക്കറങ്ങുന്നത് !
മേല്പറഞ്ഞ പ്രതിസന്ധികളില്‍ ഒരു സമൂഹം എന്ന നിലയില്‍ മലപ്പുറത്തെ മുസ്ലീങ്ങള്‍ക്ക് എന്തു പങ്കാണുള്ളത്? ഏതെങ്കിലും മുസ്ലിം സംഘടനയോ വ്യക്തികളോ കുംഭമേളയെ പറ്റി എന്തെങ്കിലും പറഞ്ഞോ ? എന്നാല്‍ മലപ്പുറം 'ആരുടെയും ബാപ്പാന്റെ ( വാക്ക് ശ്രദ്ധിക്കണം ?? ) വകയല്ല എന്ന് പറഞ്ഞത് ഒരു സന്ന്യാസിയാണ്.
സകല ഇന്ദ്രിയ മോഹങ്ങളും ഉപേക്ഷിച്ച്, പൂര്‍വ്വാശ്രമത്തിലെ അവരവരുടെ ജീവിതത്തിന് പോലും വായ്ക്കരിയിട്ടാണ് ഒരു സന്യാസി പിറവി കൊള്ളേണ്ടത്. സംയമനമാണ് സന്യാസത്തിന്റെ മനോഭാവം. എന്നിട്ടുമെന്ത് പ്രകോപനത്തിലാണ് ആ സംസാരങ്ങള്‍ ?
'മലപ്പുറമല്ലേ ? തടസ്സങ്ങളുണ്ടായിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ ' എന്ന് ആശ്ചര്യപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ ലൈവ് വീഡിയോ കണ്ടു. സുഹൃത്തേ , നിങ്ങള്‍ക്ക് സ്വാഗതം. തിരുമാന്ധാം കുന്നും ആലത്തിയൂരും കാടാമ്പുഴയും നാവാമുകുന്ദ ക്ഷേത്രവും തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടുമടക്കം ചരിത്ര പ്രാധാന്യമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഈ മലപ്പുറത്തുണ്ട്. വര്‍ണ്ണശബളങ്ങളായ ക്ഷേത്രോത്സവങ്ങളും. മുതിരിപ്പറമ്പ് ജുമു അ മസ്ജിദിന്റെ നവീകരണ സന്തോഷത്തിന് പായസം വിളമ്പിയത് മുതിരിപ്പറമ്പ് കുന്നുമ്മല്‍ ഭഗവതിക്ഷേത്ര ഭാരവാഹികളാണ്.
അതാണ് മലപ്പുറം. ഇത് മലപ്പുറത്തിന്റെ മാത്രം കഥയല്ല. പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഒരുമിച്ചിരുന്നു ഉത്സവം തീയതി കുറിക്കുന്ന ക്ഷേത്രം ഉള്ളത് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്താണ്. മുസ്ലിം തറവാട്ടില്‍ നിന്ന് കാച്ചിമുണ്ട് ( പരമ്പരാഗതമായി മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം) ക്ഷേത്രത്തില്‍ കാണിക്ക നല്‍കുന്നത് എന്റെ നാടായ ഓര്‍ക്കാട്ടേരിയിലെ ഒരു ചടങ്ങാണ്.
കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ ഇറങ്ങി നടന്നാല്‍ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും നുണകള്‍ പൊളിഞ്ഞു വീഴുകയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആയിരം സത്യങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞു വരികയും ചെയ്യും.
അതാണ് കേരളം. സര്‍ക്കാരും സംഘാടകരും തമ്മിലുള്ള ( പരിഹരിച്ചു കഴിഞ്ഞ) ഒരു തര്‍ക്കത്തിന്റെ പേരില്‍ നാടിന്റെ സമുദായിക ഐക്യത്തെ ചുട്ടുചാമ്പലാക്കരുത്. കുംഭമേളയ്ക്ക് ആശംസകള്‍ ?"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.