തൃശൂർ: മനുഷ്യമാംസമടക്കം കൊത്തിവലിക്കുന്നതാണ് കഴുകൻറെ രീതി. കുട്ടിലടച്ചാലും കഴുകൻ കഴുകനാണെന്നത് ഓർമ വേണം കേരളമേ... സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായ രാഹുൽ മാങ്കുട്ടത്തിൽ എം. എൽ.എയെ രുക്ഷഭാഷയിൽ വിമർശിച്ച് ഏകാഭിനയത്തിൽ എം.സി. ശ്രീവിന്യയുടെ പകർന്നാട്ടം.
ജനപ്രതിനിധികൾ തന്നെ തെറ്റുചെയ്യാൽ അതിനെ തെറ്റായി കാണണം എന്നുപറഞ്ഞ് രാഹുൽ മാങ്കുട്ടത്തിലിനെ കഴുകനോട് ഉപമിച്ചാണ് ഏകാഭിനയം പുരോഗമിക്കുന്നത്. കഴുകൻ്റെ അമ്മ നല്ല ഉപദേശങ്ങൾ നൽകിയിട്ടും കഴുകൻറെ സ്വഭാവം കാണിക്കുകയാണ്. ഉയരത്തിൽ പറക്കുന്ന കഴുകൻ്റെ പതനത്തിൻ്റെ ആഴത്തിന് വലിയ താഴ്ചയാണ് ഉണ്ടാവുക. സമൂഹം കൂട്ടിലടച്ചെങ്കിലും കഴുകൻ കഴുകനാണെന്നത് എല്ലാവരും എപ്പോഴും ഓർക്കണമെന്നും ശ്രീവിന്യ ഓർമിപ്പിക്കുന്നു.
കണ്ണൂർ ചേലോറ എച്ച്.എസ്.എസിഎസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മോണോആക്ടിൽ എ ഗ്രേഡ് നേടിയ ശ്രീവിന്യ. വിദ്യാർഥിക്ക് സ്കൂൾ അധികൃതർ ഹിജാബ് വിലക്ക് ഏർപ്പെടുത്തിയതായിരുന്നു കണ്ണൂർ ജില്ല സ്കൂൾ കലോത്സവത്തിൽ ശ്രീവിന്യ അവതരിപ്പിച്ച ഏകാഭിനയത്തിൻ്റെ വിഷയം.
സംസ്ഥാന കലോത്സവം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് രാഹുൽ മാങ്കുട്ടത്തിൽ വിഷയം കാലികപ്രസക്തം എന്നു കണ്ട് വേഗത്തിൽ പഠിച്ചതും അവതരിപ്പിച്ചതും. കലാമണ്ഡലം നൗഷാദാണ് ശ്രീവിന്യയുടെ ഗുരു. കല പ്രതികരിക്കാനുള്ളതാണ് എന്നതിനാലാണ് ഇത്തരമൊരു കാലികവിഷയം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ മുതൽ വിവിധ കലാരൂപങ്ങളുമായി അരങ്ങിലെത്തുന്നുണ്ട് ശ്രീവിന്യ. റീജിത്ത്-ഷംന ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.