എല്‍.ഡി.എഫ് മൂന്നാം തവണയും ഭരണത്തിൽ വരും, മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയൻ യോഗ്യൻ -എം.വി. ഗോവിന്ദന്‍

കണ്ണൂർ: എല്‍.ഡി.എഫിന് മൂന്നാം തവണയും തുടര്‍ഭരണം ലഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനാണ് യോഗ്യൻ. സി.പി.എമ്മിനെ വെല്ലുവിളിച്ച് യു.ഡി.എഫിനായി മത്സരിച്ചവര്‍ തോല്‍ക്കും. തോറ്റാല്‍ ആരാകും പ്രതിപക്ഷ നേതാവെന്ന ചോദ്യത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

കേരളത്തെ ഒരു നവകേരളമാക്കി രൂപപ്പെടുത്താന്‍ സർക്കാർ ശ്രമിച്ചിട്ടുണ്ട്. 62 ലക്ഷത്തിലധികം വരുന്ന ആളുകള്‍ക്ക് മുറതെറ്റാതെ 2000 രൂപ പെന്‍ഷന്‍ നൽകി. ഇനി 3000 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് പറഞ്ഞത്.  ഭരണത്തിലെത്തിയാൽ പെൻഷൻ തുക വർധിപ്പിക്കും. സ്ത്രീകള്‍ക്ക് 1000 രൂപ സ്ത്രീ സുരക്ഷാ പദ്ധതി. ചെറുപ്പക്കാരായുള്ള ആളുകള്‍ക്ക് പഠനം അവസാനിക്കുന്ന ഘട്ടത്തില്‍ ജോലി ലഭിക്കുന്നതിന് പുതിയ കോഴ്‌സുകളിലേക്ക് ചേരാന്‍ അഞ്ച് ലക്ഷം ആളുകള്‍ക്കാണ് 1000 രൂപ നൽകാൻ തീരുമാനിച്ചു. അംഗൻവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കി പാവപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി, ഒരു പുതിയ കേരളം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും പാർപ്പിടം, ദേശീയപാത വികസനം, അടിസ്ഥാന റോഡുകളുടെ വികസനം തുടങ്ങിയ എല്ലാമേഖലകളിലും പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ഇല്ല. അത് എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യക്തമാണ്.  ഭരണവിരുദ്ധ വികാരമുണ്ടെങ്കില്‍ അവര്‍ക്ക് 65-75 സീറ്റുകള്‍  കിട്ടുമായിരുന്നു. ഞങ്ങള്‍ക്ക് 60-69 സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.  രണ്ട് മുഖ്യമന്ത്രിയാവാന്‍ യോഗ്യന്‍ പിണറായി വിജയന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ബേപ്പൂരിൽ വിജയിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂർ ഇടതിന് അനുകൂലമായ മണ്ഡലമാണ്. എങ്ങനെയാണ് അഞ്ച് വർഷം പ്രവർത്തിച്ചതെന്ന് ബേപ്പൂരിലെ ജനങ്ങൾക്ക് അറിയാം. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകും. സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 53 ശതമാനത്തോളം സ്ത്രീകൾ വോട്ട് ചെയ്തുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ജനക്ഷേമ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പാകിയ വികസനവും സർക്കാർ സ്കൂളുകളിലെ മാറ്റവും ജനങ്ങൾ നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതും സ്ത്രീ സുരക്ഷ പെൻഷൻ തുടങ്ങിയ കാര്യങ്ങൾ സ്ത്രീ വോട്ടർമാർ വർധിക്കാൻ കാരണമായി. എൽ.ഡി.എഫ് ഭരണം ഇല്ലാതായാൽ ഇതൊക്കെ നഷ്ടപ്പെടുമെന്ന് അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ മന്ത്രിമാരും അവരവരുടെ മണ്ഡലങ്ങളിൽ അംഗീകാരമുള്ളവരാണ്. വോട്ടുകൾ അനുകൂലമാകുന്ന സ്ഥാനാർഥികളെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുത്തത്. ഇതെല്ലാം ചേരുമ്പോൾ എൽ.ഡി.എഫിന് മികച്ച വിജയം സാധ്യമാക്കുമെന്നും സാഹചര്യങ്ങൾ എൽ.ഡി.എഫിന് അനുകൂലമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    
News Summary - LDF will come to power for the third time, Pinarayi Vijayan is suitable to become the Chief Minister - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.