ഗവർണർക്കെതിരെ പരസ്യ രാഷ്ട്രീയ പോരാട്ടത്തിനിറങ്ങാൻ എൽ.ഡി.എഫ്​

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ രാഷ്ട്രീയ പോരാട്ടത്തിന് രംഗത്തിറങ്ങാൻ എൽ.ഡി.എഫ്. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. ഉടൻ തന്നെ എൽ.ഡി.എഫ് യോഗം വിളിച്ച് അന്തിമതീരുമാനമെടുക്കും. കേരള സർവകലാശാല സെനറ്റംഗങ്ങളെ പുറത്താക്കുകയും മന്ത്രിമാരെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഗവർണർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് നിലപാട്. ഗവർണർക്ക് അജണ്ടയും താൽപര്യങ്ങളുമുണ്ടെന്ന കാര്യം പൊതുജനമധ്യത്തിൽ തുറന്നുകാട്ടുന്ന പ്രചാരണങ്ങൾ ഉൾപ്പെടെ ആസൂത്രണം ചെയ്യും.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി-ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ് കേരളത്തിൽ ഗവർണർ ശ്രമിക്കുന്നതെന്ന ആരോപണം ശക്തിപ്പെടുത്തിയുള്ള പ്രചാരണപരിപാടികൾക്കാണ് നീക്കം. ഏകപക്ഷീയമായ നടപടികളാണ് ഗവർണർ കൈക്കൊള്ളുന്നത്. മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ ഭീഷണി രാഷ്ട്രീയപ്രേരിതമാണ്.

ഇല്ലാത്ത അധികാരം പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ഗവർണറുടെ നീക്കം തുറന്നുകാട്ടണമെന്നാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായം. സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കേരളത്തിലെ കേന്ദ്ര സർവകലാശാലയെ അടക്കം കാവിവത്കരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പി സർക്കാറിനെയും കേരളത്തിൽ അതിന്റെ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണറെയും തുറന്നുകാട്ടും.

മുന്നണി എന്ന നിലക്കുതന്നെ ഈ പ്രക്ഷോഭം ഏറ്റെടുക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണപരിപാടിയെന്ന നിലക്കും ഇതിനെ ഉപയോഗപ്പെടുത്തും. ഒക്ടോബർ 31ന് കാലാവധി കഴിയുന്ന പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിന് പകരം പുതിയ ചെയർമാനെ നിശ്ചയിക്കുന്നതിലും സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രാരംഭ ചർച്ച നടന്നു. അടുത്ത മന്ത്രിസഭയോഗം ഇത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും.

Tags:    
News Summary - LDF to start public political fight against Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.