ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്ന് എൽ.ഡി.എഫ് നേതാവ്; അടിയന്തര അന്വേഷണം വേണം

കോഴിക്കോട്: ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് ഇടുക്കി ജില്ല കൺവീനർ കെ.കെ. ശിവരാമൻ. ബാറുടമയുടെ ശബ്ദസന്ദേശം സംബന്ധിച്ച് അടിയന്തര അന്വേഷണം വേണമെന്നും കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു.

പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാറുടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്. ഇടത് സർക്കാറിന്‍റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന കള്ളക്കഥയാണോ എന്ന് അറിയണം. സർക്കാറിന്‍റെ മദ്യനയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതുതാൽപര്യം കണക്കിലെടുത്താവണമെന്നും കെ.കെ. ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കെ.കെ. ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റ്:

വീണ്ടും ഒരു ബാർ കോഴയോ?

--------------------------------

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക് ?

കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ്, ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം,

സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.

Tags:    
News Summary - LDF leader KK Sivaraman says Bar Scam news is serious; Urgent investigation is required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.