‘ഇവർ ഏത് ഹിന്ദുവിന്റെ കാര്യമാണ് ഈ പറയുന്നത്?’; നെടുമ്പാശ്ശേരിയിൽ മരിച്ചവരെ അധിക്ഷേപിച്ച ശശികലക്കെതിരെ എം.ബി. രാജേഷ്
പാലക്കാട്: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് കൊല്ലപ്പെട്ടവരെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ സി.പി.എം നേതാവ് എം.ബി രാജേഷ്. വർഗീയ വിഷം തുപ്പുന്ന അവർ മനുഷ്യപ്പറ്റുള്ളവരുടെ അടുത്തുകൂടെ പോയിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നെടുമ്പാശ്ശേരിയിൽ മരിച്ച ഗോപികയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.ബി രാജേഷ്.
‘വിശ്വഹിന്ദു പരിഷത്തിന്റെ ഒരു നേതാവ് ഉണ്ടല്ലോ, വർഗീയ വിഷം തുപ്പുന്ന ഒരു വനിത. അവർ ഈ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തുകയല്ലേ ചെയ്യുന്നത്. മനുഷ്യപ്പറ്റ് അല്പമെങ്കിലും ഉള്ളവർ ഇങ്ങനെ ചെയ്യുമോ?. മകൾ മരിച്ച ദുഃഖത്തിൽ ഇരിക്കുന്ന ഒരു കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഇവർ ഏത് ഹിന്ദുവിന്റെ കാര്യമാണ് ഈ പറയുന്നത്. ഏത് ഹിന്ദുവിന്റെ താല്പര്യം സംരക്ഷിക്കുന്നത്?
അവരുടെ അനുയായികളല്ലേ ആ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത്. മനുഷ്യപ്പറ്റുള്ളവരുടെ അടുത്തൂടെ പോയിട്ടുണ്ടോ അവർ. രാത്രി ചായ കുടിക്കാൻ പോകാൻ പാടില്ല എന്നാണ് പറയുന്നത്. പാതിരാ തീറ്റയും കുടിയും പാടില്ല എന്ന രീതിയിൽ ചർച്ച നടത്തണം എന്നാണ് അവർ പറയുന്നത്. ഇവരെല്ലാം നിർദ്ദേശിക്കുന്ന തരത്തിൽ നമ്മുടെ നാട്ടിലെ കുട്ടികൾ ജീവിക്കണമെന്നാണോ?
ആ കുട്ടിയുടെ അമ്മയെ നിങ്ങൾ എല്ലാവരും കണ്ടതല്ലേ.. എത്ര ഹൃദയഭേദകമാണ്. അങ്ങനെ ഒരു വീട്ടിലേക്ക് വിളിച്ചു ഭീഷണിപ്പെടുത്തണമെങ്കിൽ ഇവരൊക്കെ മനുഷ്യരാണെന്ന് പറയാൻ പറ്റുമോ? സാധാരണ കാണിക്കേണ്ട ഒരു മര്യാദയില്ലേ. മനുഷ്യർ എന്നവരെ വിശേഷിപ്പിക്കാൻ പറ്റുമോ. ഹിന്ദുവിനെ ഉദ്ധരിക്കാൻ നടക്കുകയാണല്ലോ ഇവരൊക്കെ. പ്രതിക്ക് വേണ്ടിയാണ നിയമവും ഗവൺമെന്റും നിൽക്കുന്നത്. മക്കളെ നഷ്ടപ്പെട്ട കുടുംബത്തിന് ഞങ്ങൾ നീതി വാങ്ങി കൊടുക്കുക തന്നെ ചെയ്യും’ -എം.ബി. രാജേഷ് പറഞ്ഞു.
മരിച്ച ഗോപികയുടെ കുടുംബവും ഇന്നലെ ശശികലക്കെതിരെ രംഗത്തുവന്നിരുന്നു. ശശികല പറയുന്നത് വൃത്തികേടാണെന്നും ഒരല്പം മാനുഷികമായ മര്യാദ തങ്ങളുടെ കുടുംബത്തോട് കാണിക്കണമെന്നും ഗോപികയുടെ മാതാപിതാക്കളായ കരിമ്പ ഇടക്കുർശ്ശി നിലാറ്റ മുള്ളൻകുഴിയിൽ ഓട്ടോ ഡ്രൈവർ പ്രദീപ് കുമാറും സജിതയും പിതൃസഹോദരൻ എം.ആർ. അനിൽകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ശശികല എന്ന് പറയുന്ന സ്ത്രീയൊക്കെ എന്തെല്ലാം വൃത്തികേടാണ് ഈ സമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്? അത് ഞങ്ങൾ കേൾക്കുന്നുണ്ട്. ഒരു മുസ്ലിം കുട്ടിയുടെ കൂടെ എന്തിനാണ് രണ്ട് ഹിന്ദുക്കൾ പോയത് എന്നാണ് ശശികല ചോദിച്ചത്. ഒരല്പം മാനുഷികമായ മര്യാദ ഞങ്ങളുടെ കുടുംബത്തോട് കാണിക്കണം. ജോലി ചെയ്ത് നല്ല അന്തസ്സായിട്ട് ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. അച്ഛനോട് പറയാതെ അവൾ എവിടെയും പോകില്ല. ഞങ്ങളുടെ കുടുംബം എങ്ങനെയാണ് എന്ന് ഈ ശശികലയൊക്കെ ഇവിടെ വന്ന് സമൂഹത്തിൽ ഇറങ്ങി അന്വേഷിക്കണം. കുടുംബത്തിനെതിരെയും ഞങ്ങളുടെ കുട്ടിക്കെതിരെയും അവർ പറഞ്ഞ വൃത്തികേടുകൾ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്’ -അവർ പറഞ്ഞു.
ഇതിനുപിന്നാലെ, കുടുംബത്തിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് കെ.പി. ശശികല ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞിരുന്നു. ദുഃഖിതരായ കുടുംബത്തെ തറ രാഷ്ട്രീയം കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും ആദ്യം സ്വന്തം പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകണമെന്നും ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.