എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും -പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂർ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. എൽ.ഡി.എഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്‌. ലോക്സഭാ-തദ്ദേശ തെരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല നിയമസഭയിൽ ജനം ചിന്തിക്കുക. കേരളത്തിലെ ഭരണത്തെക്കുറിച്ചാണ് ജനം ചിന്തിക്കുകയെന്നും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പവർക്കെട്ട് എന്താണെന്ന് പുതിയ കുട്ടികൾക്ക് അറിയില്ല, സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടുന്നില്ല, സർക്കാർ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു, ക്ലാസ് റൂമുകൾ ഹൈടെകായി, തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, വർഗീയ കലാപമില്ല, അഴിമതിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വിവിധ പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. സ്ഥാനാർഥികളും രാവിലെ വോട്ട് രേഖപ്പെടുത്തി. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ഇന്ന് വിധിയെഴുതുന്നത്. 883 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. സംസ്ഥാനത്ത് ആകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനക്കാണ് പ്രശ്‌നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76,000 പേരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ചുമതല.

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി കരുത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേ ഫലങ്ങളെല്ലാം യു.ഡി.എഫിന് അനുകൂലമാണെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില 'തട്ടിക്കൂട്ട്' സർവേകൾക്ക് യാതൊരു വിലയുമില്ല. ഇത്തരം സർവേകൾ നടത്തുന്നവർ സ്വന്തം വിശ്വാസ്യതയാണ് തകർക്കുന്നത്. നേരത്തെ കഷ്ടിച്ച് ഭൂരിപക്ഷം പ്രവചിച്ചവർ പോലും ഇപ്പോൾ യുഡിഎഫിന്റെ വൻ വിജയം സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം ഗൗരവകരമാണ്. ബാലറ്റ് പേപ്പർ ലഭിക്കാത്തതിനാൽ പലരും വോട്ട് ചെയ്യാതെ മടങ്ങേണ്ടി വരുന്നത് ജനാധിപത്യപരമായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ലോക്സഭയെന്ന ക്വാർട്ടർ ഫൈനലിനും തദ്ദേശമെന്ന സെമി ഫൈനലിനും ശേഷം നിയമസഭയെന്ന ഫൈനലിൽ യുഡിഎഫ് മികച്ച ഗോളുകൾ അടിച്ചുകൊണ്ടിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

Tags:    
News Summary - LDF government will come back to power - PA Muhammad Riyaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.