ചാണ്ടി ഉമ്മന്‍റെ ‘സ്വപ്ന ഭൂരിപക്ഷം’ എന്ത് കൊണ്ട് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചില്ലെന്ന് ജെയ്ക് സി. തോമസ്

കോട്ടയം: യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ ‘സ്വപ്ന ഭൂരിപക്ഷം’ എന്ത് കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രഖ്യാപിച്ചില്ലെന്ന് ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ്. ഡ്രീം ഫിഫ്റ്റി പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ, പ്രഖ്യാപനം നടത്താതെ പ്രതിപക്ഷ നേതാവ് പിന്നോട്ടുപോയെന്ന് ജെയ്ക് പറഞ്ഞു.

വികസനം അടക്കം എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്. മണ്ഡലത്തിലെ സ്ഥിതിയെ കുറിച്ചും ചർച്ച നടന്നു. ഈ വിഷയത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടക്കമുള്ളവർക്ക് മറുപടി പറയേണ്ടി വന്നു.

2021ൽ ഏറ്റവും മികച്ച പ്രകടനമാണ് എൽ.ഡി.എഫ് പുതുപ്പള്ളിയിൽ കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമാപനത്തിൽ വലിയ ജനപങ്കാളിത്തമാണ് കണ്ടത്. സർവേകളിൽ വിശ്വാസമില്ല മറിച്ച് പുതുപ്പള്ളിയിലെ വോട്ടർമാരിലാണ് വിശ്വാസമെന്നും ജെയ്ക് സി. തോമസ് വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഒരു മാസത്തോളം നീണ്ട നാടിളക്കി പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ഇന്ന് വീടുകൾ കയറിയുള്ള വോട്ടഭ്യർഥനക്കും സ്ലിപ്പുകൾ നൽകുന്നതിനുമൊക്കെയാകും മുന്നണികളും സ്ഥാനാർഥികളും സമയം കണ്ടെത്തുക. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്.

മറ്റ് രണ്ട് സ്ഥാനാർഥികളും വാഹനങ്ങളിൽ റോഡ് ഷോ നടത്തിയപ്പോൾ ജോഡോ ഇന്ത്യ യാത്രയിൽ പങ്കെടുത്തതിന് സമാനമായി മിക്ക പഞ്ചായത്തുകളിലും കാൽനടയായായിരുന്നു ചാണ്ടി ഉമ്മന്‍റെ അവസാനവട്ട പ്രചാരണം. എട്ടിന് വോട്ടെണ്ണൽ നടക്കും.

Tags:    
News Summary - LDF Candidate Jaick C Thomas react to Puthuppally Election Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.