ഇസ്​ലാമോഫോബിയ അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരണം- ​ മാലിക്​ മുഅ്​തസിം ഖാൻ

തിരുവനന്തപുരം: ഇസ്​ലാമോഫോബിയ അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരണമെന്നും മതേതര സമൂഹം ഇക്കാര്യത്തില്‍ മുന്നോട്ടുവരണമെന്നും​ ജമാഅത്തെ ഇസ്​ലാമി ദേശീയ സെക്രട്ടറി മാലിക്​ മുഅ്​തസിംഖാൻ. കേന്ദ്രം നിയമം കൊണ്ടുവരുമെന്ന് പ്രതീക്ഷയില്ല. ഇടതു​ മുന്നണി ഭരിക്കുന്ന കേരളം നിയമ നിര്‍മാണം നടത്തി മാതൃക കാണിക്കണം. ​​സോളിഡാരിറ്റി സംസ്ഥന പ്രസിഡന്‍റ്​ നഹാസ്​ മാളയുടെ നേതൃത്വത്തിൽ കാസർകോടുനിന്നാരംഭിച്ച 'ഇസ്​ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിലെ യൂത്ത് കാരവന്‍റെ സമാപന പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്​ലിംകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവരുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്​. ഹിജാബ് ഉൾപ്പെടെ നിരോധിച്ച് മുസ്​ലിം വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ പുരോഗതി നേടുന്നതിന് തടയിടുന്നു. രാജ്യത്തിന്‍റെ പുരോഗതി ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മതസൗഹാർദത്തെയും സമുദായ സഹവർത്തിത്വത്തെയും തകർക്കാനുള്ള അജണ്ടകളും പ്രഭാഷണങ്ങളുമാണ് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ സംഘാടകർ ആസൂത്രണം ചെയ്തതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പറഞ്ഞു. മുസ്​ലിം സമുദായത്തിനെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും ഇസ്​ലാമോഫോബിയ ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു സംഘാടകരുടെ ലക്ഷ്യം. കേരളം ചർച്ചചെയ്ത ഒന്നോ രണ്ടോ വിവാദപരാമർശങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല അനന്തപുരി സമ്മേളനത്തിലെ വർഗീയ വിഷം. അവിടെ നടന്ന മുഴുവൻ പരിപാടികളും പരിശോധിക്കുകയും വർഗീയത പറഞ്ഞ മുഴുവൻ പ്രഭാഷകർക്കെതിരെയും സമ്മേളന സംഘാടനകർക്കെതിരെയും കേസെടുക്കാനും സംസ്ഥാന ഭരണകൂടം തയാറാവണം. കോടതിയും പൊലീസും തള്ളിക്കളഞ്ഞ ലവ്​ ജിഹാദ്, വ്യാജ ജനസംഖ്യാഭീതി, മതപരിവർത്തനപേടി, മുസ്​ലിം വിദ്യാഭ്യാസ ഉണർവുകൾ തുടങ്ങി വംശീയതയും വെറുപ്പും കലർന്ന ഒട്ടേറെ കള്ളപ്രചാരണങ്ങളാണ് മുസ്​ലിംകൾക്കെതിരെ സംഘാടകർ ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്‍റ് ടി.പി. അഷ്റഫ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, കടയ്​ക്കൽ ജുനൈദ്, സി.ടി. സുഹൈബ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് ഷാഫി എം സ്വാഗതവും ഷാഹിൻ തൻസീർ നന്ദിയും പറഞ്ഞു. സമ്മേളന ഭാഗമായി പാളയത്തുനിന്നും കിഴക്കേകോട്ടയിലേക്ക്​ നടന്ന അഭിവാദ്യപ്രകടനത്തിന് ജില്ല നേതാക്കളായ റാഫിദ്, റിഷാബ്, ദിയ വാവറയമ്പലം, ഹസൻ നസീഫ്, അൽ മയൂഫ്, ഷജീർ എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി കലാകാരന്മാർ അവതരിപ്പിച്ച തെരുവുനാടകവും ജില്ലയിൽ വിവിധയിടങ്ങളിൽ അരങ്ങേറി

Full View


Tags:    
News Summary - Law must be brought to end Islamophobia says Malik Motasim Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.