പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൈക്കൂലിയും ഗുണ്ടാബന്ധവും ഉൾപ്പെടെ ഗുരുതര കാരണങ്ങളാൽ നടപടി നേരിട്ടവരുൾപ്പെടെ ക്രമസമാധാന ചുമതലയിൽ വന്നതോടെ പൊലീസിലെ ഡിവൈ.എസ്.പി സ്ഥലംമാറ്റത്തിൽ വിവാദം. ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റ ഉത്തരവിനെ ചൊല്ലിയാണ് വിവാദം. കോൺഗ്രസ് നേതാക്കളുമായി ഉടക്കിയതിന്‍റെ പേരിൽ, മികച്ച ട്രാക് റെക്കോഡുള്ള ചിലരെ ദൂരെ അപ്രധാന തസ്തികകളിലേക്കും മാറ്റിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ്, ഗുരുതര കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരും നടപടി നേരിട്ടവരുമായവരെ ക്രമസമാധാന ചുമതല ഏൽപിച്ചതെന്ന ആരോപണം ഉയരുന്നത്. ക്രമസമാധാന ചുമതല ഏൽപിക്കരുതെന്ന് പറഞ്ഞ് നേരത്തെ മാറ്റിനിർത്തപ്പെട്ട ചിലരും ഇതിലുണ്ട്.
തലസ്ഥാനം ഉൾപ്പെടെ പ്രധാന ജില്ലകളിലെ ക്രമസമാധാന ചുമതല ലഭിച്ച ഡിവൈ.എസ്.പിമാരിൽ ചിലരെക്കുറിച്ചാണ് പരാതി. കഴിഞ്ഞ സർക്കാറിന്‍റെ വിശ്വസ്തരായിരുന്ന പലരും യു.ഡി.എഫ് സർക്കാറിലും പ്രധാന തസ്തികകളിൽ എത്തിയതിൽ പൊലീസിലെ ഒരുവിഭാഗം കടുത്ത അതൃപ്തിയിലാണ്. വ്യാജ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ അന്വേഷണം നേരിട്ടയാളാണ് നിയമനം ലഭിച്ച ഒരാൾ. ഒന്നര വർഷത്തോളം ഈ ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ കഴിഞ്ഞതായും സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എസ്.ഐ ആയിരുന്നപ്പോൾ മുതൽ സസ്‌പെൻഷനടക്കമുള്ള നടപടി നേരിട്ടവരും ഇതിൽ ഉൾപ്പെടും. കൈക്കൂലിക്കേസിലും മയക്കുമരുന്ന് കേസ് അട്ടിമറിയിലും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി നേരിട്ടയാളും പട്ടികയിലുണ്ട്. ഗുണ്ടാസംഘം ഒരുക്കിയ രാത്രിവിരുന്നിൽ പങ്കെടുത്ത് സസ്പെൻഷനിലായ ഉദ്യോഗസ്ഥനും പ്രധാന തസ്തികയിൽ നിയമനം നേടി. ഇടതു സംഘടനകളുടെ തലപ്പത്തുണ്ടായിരുന്ന പലർക്കും അനുകൂല സ്ഥലംമാറ്റം നൽകി. ഇടതു സംഘടന നേതാക്കളായിരുന്ന നാലുപേർക്ക് അവരുടെ ആവശ്യപ്രകാരം ക്രമസമാധാന ചുമതല നൽകി. ഇത് പൊലീസിലെ യു.ഡി.എഫ് അനുകൂല അംഗങ്ങളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഓരോ ഉദ്യോഗസ്ഥരുടെയും ജാതകം നോക്കി നിയമനം നടത്താനാകില്ലെന്ന് പറഞ്ഞ് ആരോപണങ്ങൾ ലഘൂകരിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.