ലോ അക്കാദമി കവാടത്തിലെ  തൂണുകള്‍ പൊളിച്ചു

തിരുവനന്തപുരം: ലോ അക്കാദമി ജല അതോറിറ്റിയുടെ ഭൂമിയില്‍ സ്ഥാപിച്ച പ്രധാന കവാടത്തിലെ തൂണുകളും സുരക്ഷാ ജീവനക്കാരുടെ മുറിയും അക്കാദമിയുടെ ബോര്‍ഡും പൊളിച്ചു നീക്കി. കലക്ടറുടെ നിര്‍ദേശമനുസരിച്ച് തിരുവനന്തപുരം താലൂക്ക് തഹസിദാര്‍ കെ.ആര്‍. മണികണ്ഠന്‍ 24 മണിക്കൂറിനുള്ളില്‍ പൊളിച്ചു നീക്കണമെന്ന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് മാനേജ്മെന്‍റ് നിയോഗിച്ച ജീവനക്കാര്‍ ശനിയാഴ്ച കവാടം നീക്കിയെങ്കിലും അത് ഉറപ്പിച്ചിരുന്ന തൂണുകളും മറ്റും പൊളിച്ചില്ല. 

അക്കാദമിക്ക് നല്‍കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10ഓടെ തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരത്തെി എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഇരുവശത്തെയും തുണുകള്‍ പൊളിച്ചു നീക്കി. കലക്ടറുടെ അടിയന്തര നിര്‍ദേശത്തെ തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച സ്വന്തംനിലയില്‍ പൊളിച്ചു നീക്കാനത്തെിയത്. നോട്ടീസ് നല്‍കിയത് അനുസരിച്ച് ഇതിനു ചെലവായ തുക മാനേജ്മെന്‍റ് അടയ്ക്കണം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാങ്കും ഹോട്ടലും മാറ്റണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച നോട്ടീസ് നല്‍കുമെന്ന് തഹസില്‍ദാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 

സംസ്ഥാന സഹകരണ ബാങ്ക് ശാഖ ധനകാര്യ സ്ഥാപനമായതിനാല്‍ മാറ്റുന്നതിന് സമയം അനുവദിക്കും. രാത്രി 12 വരെ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ഹോട്ടലാണ് അവിടെ ഉണ്ടായിരുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. ലക്ഷ്മി നായരാണ് ഹോട്ടല്‍ നടത്തിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് റോഡ് വഴിയേ ഹോട്ടലില്‍ പ്രവേശിക്കാന്‍ കഴിയൂ. കാന്‍റീന്‍ വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ മനേജ്മെന്‍റ് സംവിധാനം ഒരുക്കണം. ഈ കെട്ടിടം കാന്‍റീനായി ഉപയോഗിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കണം. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യം റവന്യൂ വകുപ്പ് പരിശോധിക്കും. റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ സര്‍വേ നടത്തുമെന്നും തഹസിദാര്‍ പറഞ്ഞു. അതേസമയം, അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അക്കാദമിക്ക് മുന്നില്‍ പ്രകടനം നടത്തി.
 

Tags:    
News Summary - law achadmy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.