പരാതി വൈകിയത്​ പീഡനക്കേസിൽ പ്രതികൂലമായി കാണരുത്​ -ഹൈകോടതി

കൊച്ചി: പീഡനക്കേസുകളിൽ പരാതി നൽകാൻ വൈകുന്നതിനെ മറ്റ്​ കേസുകളിലേതിന്​ സമാനമായി കണക്കിലെടുക്കരുതെന്ന്​ ഹൈകോടതി. ഇത്തരം കേസുകളിൽ പരാതിക്ക്​ കാലതാമസമുണ്ടാകുന്നതിനെ മറ്റ്​ കേസുകളിലേതെന്ന പോലെ പ്രതികൂലമായി കാണരുത്​. പീഡനത്തിനിരയായ വ്യക്തിയുടെ മാനസികാവസ്ഥയും കുടുംബപശ്ചാത്തലവുമടക്കം പല വസ്തുതകളും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്​.

നിലവിലെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം പരാതികൾ നൽകാൻ വൈകുന്നത്​ സ്വാഭാവികമാണെന്നും ജസ്റ്റിസ്​ ഡോ. കൗസർ എടപ്പഗത്ത്​ വ്യക്തമാക്കി. മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസിൽ കൊല്ലം അഡീ. സെഷൻസ് കോടതി അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ പ്രതി നൽകിയ അപ്പീൽ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും ഒളിഞ്ഞു നോക്കിയെന്നും ഒരുതവണ ഉറങ്ങിക്കിടക്കുമ്പോൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് പിതാവിനെതിരെ പതിനേഴുകാരിയായ മകൾ നൽകിയ പരാതിയിൽ പത്തനാപുരം പൊലീസാണ് കേസെടുത്തത്. പോക്സോ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിരുന്നെങ്കിലും ഇത്​ ഒഴിവാക്കിയാണ്​ വിചാരണക്കോടതി ശിക്ഷ വിധിച്ചത്. 2015ൽ ഉൾപ്പെടെ നടന്നെന്നു പറയുന്ന സംഭവങ്ങളിൽ പെൺകുട്ടി പരാതി നൽകിയത്​ 2016ലാണെന്നായിരുന്നു അപ്പീലിലെ പ്രധാന വാദം.

എന്നാൽ, പെൺകുട്ടി പ്രതിക്കെതിരെ 2014ൽ തന്നെ പരാതി നൽകിയിട്ടുണ്ടെന്ന് വസ്തുതകൾ പരിശോധിച്ച ഹൈകോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിലിറങ്ങിയ ശേഷം ഉപദ്രവം തുടർന്നപ്പോഴാണ്​ വീണ്ടും പരാതി നൽകിയത്​. പ്രതി കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവെച്ച സിംഗിൾബെഞ്ച്​ തടവുശിക്ഷ മൂന്നു വർഷമാക്കി വെട്ടിക്കുറച്ചു. പ്രോസിക്യൂഷൻ കേസിൽ സംശയമോ ദുരൂഹതയോ ഉണ്ടെങ്കിൽ മാത്രമേ പരാതി വൈകിയെന്ന കാരണം നിർണായകമാകുന്നതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - Late complaint should not be seen as a disadvantage in sexual harassment case says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.