ജുനൈസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു
തിരുവനന്തപുരം: പൂക്കളമിട്ടും സദ്യയുണ്ടും തലേന്ന് തങ്ങൾക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവന് വിതുമ്പലോടെ സഹപ്രവർത്തകർ യാത്രയേകി. ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണുമരിച്ച നിയമസഭ ഡെപ്യൂട്ടി ലൈബ്രറിയൻ ജുനൈസ് അബ്ദുള്ളയുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ നിയമസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പൊതുദർശനത്തിനെത്തിച്ചു.
പാളയം ജുമ മസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഭൗതിക ശരീരം പൊതുദർശനത്തിനെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി മുഹമ്മദ് റിയാസ്, എം.എൽ.എമാരായ കെ.കെ.രമ, ഉബൈദുള്ള, വി.കെ.പ്രശാന്ത്, മുൻ എം.എൽ.എ എം.എ വാഹിദ്, പി.ആർ.ഡി ഡയറക്ടർ സുഭാഷ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
തിങ്കളാഴ്ച നിയമസഭയില്‍ ഓണാഘോഷത്തിനിടെയാണ് നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനായ ജുനൈസ് കുഴഞ്ഞുവീണ് മരിച്ചത്. വയനാട് സുല്‍ത്താൻ ബത്തേരി കാർത്തിക ഹൗസിങ് കോളനി വാഴയില്‍ ഹൗസില്‍ പരേതനായ കുഞ്ഞബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ് വി. ജുനൈസ് അബ്ദുല്ല. 46 വയസ്സായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ഓണസദ്യക്കുശേഷം 3.30 ഓടെ ശങ്കരനാരായണൻ തമ്പി ലോഞ്ചില്‍ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു ദാരുണസംഭവം. സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. കാൽവഴുതി വീണെന്നാണ് ഒപ്പമുള്ളവർ ആദ്യം കരുതിയത്. എഴുന്നേല്‍ക്കാതിരുന്നതോടെ ജുനൈസിനെ നിയമസഭയിലെ ആംബുലൻസില്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.