വീണ്ടും ഇടിഞ്ഞുവീണ് ദേശീയപാത; സ്കൂൾ ബസ് അടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊല്ലം: ദേശീയപാതയിൽ 66ൽ വീണ്ടും മണ്ണിടിച്ചിൽ. കൊല്ലം കൊട്ടിയത്താണ് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുവീണത്. കൊല്ലത്ത്​ നിന്ന്​ തിരുവനന്തപുരത്തേക്ക്​ പോകുന്ന റോഡിൽ കൊട്ടിയത്തിന്​ സമീപം​ മൈലക്കാട്​ ആണ്​ വെള്ളിയാഴ്ച വൈകിട്ട്​ 4.15ഓടെ ദേശീയപാത പൊട്ടിത്തകർന്നത്​. വാഹനങ്ങൾക്ക് തൊട്ടുമുകളിലായി, മൺമതിലിന്‍റെ കോൺക്രീറ്റ്​ സ്ലാബുകൾ തകർന്നു വീഴാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

അടിപ്പാതയോട്​ ചേരുന്ന സ്ഥലത്ത്​ കോൺക്രീറ്റ് ബ്ലോക്കുകൾക്ക്​ അകത്ത്​ നിറച്ചുകൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞു താഴ്ന്ന്​ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഏകദേശം 200 മീറ്ററോളം റോഡ് താഴ്ന്നു പോയിട്ടുണ്ട്. ഇതോടെ കൂറ്റൻ പാർശ്വഭിത്തി തകർന്നു. ഇത് ഇടിഞ്ഞ് താഴ്ന്നത് താഴെ പോകുന്ന സർവീസ് റോഡിലേക്കാണ്. ഇതോടെ സർവീസ് റോഡ് വിണ്ടുകീറി. ഈ സമയം ഇതുവഴി പോകുകയായിരുന്ന സ്കൂൾ ബസ് അടക്കം വാഹനങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്കൂൾ ബസിൽനിന്ന് കുട്ടികളെ ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടാതെ കാറുകളടക്കം നിരവധി വാഹനങ്ങളും റോഡിൽ കുടുങ്ങി.


ഇരുവശത്തായുള്ള വയലുകളെ ബന്ധിപ്പിക്കുന്ന ​ചെറുതോടിന്​ കടന്നുപോകാൻ റോഡി​ന്​ കുറുകെ നിർമിച്ച കലുങ്ക്​ തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകി. തകർന്ന റോഡിന്‍റെ വശങ്ങളിലുള്ള കോൺക്രീറ്റ് ബ്ലോക്കുകൾ ഏതു സമയവും തകർന്നു വീഴാവുന്ന നിലയിലാണ്.

സംഭവത്തിന് വിശദീകരണം നൽകേണ്ടത് ദേശീയപാത അതോറിറ്റി ആണെന്നും അവരിൽ നിന്നും റിപ്പോർട്ട് തേടുമെന്നും സ്ഥലം സന്ദർശിച്ച കലക്ടർ എൻ. ദേവിദാസ് പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ സ്ഥലത്തെത്തി. കലക്ടർ അറിയിച്ചതനുസരിച്ച് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സുരക്ഷാ നടപടികളും പാലിച്ചുകൊണ്ടാണ് നിർമാണം നടത്തുന്നതെന്ന്​ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫീസർ ജാൻ പാസ് പ്രതികരിച്ചു. സുരക്ഷ മുൻകരുതലൊന്നും ഇല്ലാതെ നിർമാണം നടത്തുന്നതിനെതിരെ ​പ്രദേശവാസികളും രാഷ്ട്രീയകക്ഷികളും പ്രതിഷേധിച്ചു. ​

സമാനമായ രീതിയിലാണ് മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാടിൽ ദേശീയപാത ഇടിഞ്ഞുവീണിരുന്നത്. കൂരിയാടിന് പിന്നാലെ കണ്ണൂരും കാസർകോടുമെല്ലാം നിരവധി ഇടങ്ങളിൽ നിർമാണം പൂർത്തിയായ ദേശീയപാത തകർന്ന് വീണിരുന്നു. ഇതോടെ വൻ വിവാദമുയർന്നിരുന്നു. തുടർന്ന് എന്താണ് പ്രശ്നമെന്ന് പഠിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി സമിതിയെ നിയോഗിച്ചു. കേരളത്തിലെ ദേശീയപാതയുടെ (എൻ‌.എച്ച്-66) ഭൂരിഭാഗം പാക്കേജുകളും നിർമിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിച്ചാണെന്നായിരുന്നു സമിതിയുടെ പരിശോധന റിപ്പോർട്ട് കണ്ടെത്തിയത്. ചരിവ് സംരക്ഷണത്തിന് സമഗ്രമായ ജിയോ ടെക്നിക്കൽ അന്വേഷണങ്ങളോ സൈറ്റ്-നിർദിഷ്ട ജിയോളജിക്കൽ മാപ്പിങ്ങോ ഫൗണ്ടേഷൻ എഞ്ചിനീയറിങ് പഠനങ്ങളോ നടന്നിട്ടില്ലെന്ന വിവരം റിപ്പോർട്ടിലൂടെ പുറത്തുവന്നിരുന്നു.

റിപ്പോർട്ട് തേടി മന്ത്രി റിയാസ്

തിരുവനന്തപുരം: കൊല്ലം മൈലക്കാട് ദേശീയപാത നിർമാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോടാണ് അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട്ട് നൽകാനാണ് നിർദേശം.

ദേശീപാത നിര്‍മാണത്തില്‍ വൻ അഴിമതി -കെ.സി. വേണുഗോപാൽ

ആലപ്പുഴ: ദേശീയപാത നിർമാണത്തിൽ വൻ അഴിമതിയാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൊല്ലം ചാത്തന്നൂര്‍ മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ പ്രവര്‍ത്തികളില്‍ ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് പുതിയ സംഭവം. നിര്‍മാണത്തില്‍ ഗുണമേന്മയില്ല. അതിനാലാണ്​ പപ്പടം പൊടിയുന്നത് പോലെ റോഡുകള്‍ തകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

റീൽസിട്ട്​ ക്രെഡിറ്റടിക്കുന്നവർ ഉത്തരവാദിത്തവും ഏറ്റെടുക്കണം -സതീശൻ

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിന്‍റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്. സംസ്ഥാനത്ത് ഉടനീളെ ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാതയിലെ അഴിമതി നിർമിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്. ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Landslide on the national highway at Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.