തിരുവനന്തപുരം: ജല അതോറിറ്റിയുടെ കോടികൾ വിലവരുന്ന ഭൂമി സർക്കാറിന്റെ താൽപര്യപ്രകാരം മറ്റ് ആവശ്യങ്ങൾക്ക് കൈമാറുന്നതിൽ വിവാദം. വെള്ളക്കരം മാത്രം പ്രധാന വരുമാനമാർഗമായ ജല അതോറിറ്റി നിലവിൽ സാമ്പത്തിക ഞെരുക്കത്തിലാണ്. ഇത് മറികടക്കാൻ ജലേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് മാനേജ്മെന്റ് രൂപം നൽകിയിരുന്നു. ജല അതോറിറ്റിയുടെ ഭൂമി സ്ഥാപനത്തിന് വരുമാനം ലഭ്യമാവുംവിധം വ്യാപാര സമുച്ചയങ്ങൾ, ഗസ്റ്റ് ഹൗസുകൾ, ഇ.വി ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയവക്ക് ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിട്ടത്. ഇതിന് പ്രാരംഭ നീക്കം തുടങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജല അതോറിറ്റിയുടെ താൽപര്യം അവഗണിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനുള്ള സർക്കാർതല ഇടപെടലുകൾ.
തിരുവനന്തപുരം കവടിയാറിലെ ജല അതോറിറ്റിയുടെ അധീനതയിലുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 25 സെന്റ് ഭൂമി കെ.എം. മാണി ഫൗണ്ടേഷന് സ്മാരകം നിർമിക്കാൻ 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനമാണ് ഒടുവിലത്തേത്. ഇതിനെതിരെ ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ജല അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരിൽ ജല അതോറിറ്റിയുടെ ഒരേക്കർ 13 സെന്റ് സ്ഥലം കോടിയേരി ബാലകൃഷണൻ സ്മാരക ട്രസ്റ്റിന് കൈമാറാനുള്ള സർക്കാർ തീരുമാനവും അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് വിനിയോഗിക്കേണ്ട സർക്കാർ ഭൂമി, രാഷ്ട്രീയ താൽപര്യങ്ങൾക്ക് സ്വകാര്യ ട്രസ്റ്റുകൾക്കോ ഫൗണ്ടേഷനുകൾക്കോ നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാഗേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യം പോലും കൃത്യമായി നൽകാൻ കഴിയാത്ത സ്ഥിതി ജല അതോറിറ്റിയിൽ നിലവിലുണ്ട്. സർക്കാർ നൽകേണ്ട ഫണ്ടുകൾ പോലും കൃത്യമായി നൽകുന്നില്ല. ഇതിനിടെ ജൽജീവൻ മിഷന് വേണ്ടി സർക്കാർ ആവശ്യപ്രകാരം കോടികളുടെ വായ്പയെടുക്കാനും നിർബന്ധിതമായി. ഈ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ സ്വത്തുവകകൾ കൂടി നഷ്ടപ്പെടുത്തുന്ന നിലപാടിനോട് ഭരണപക്ഷാനുകൂല സംഘടനകൾക്കും യോജിപ്പില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.