നഞ്ചിയമ്മ

ഭൂമി കൈയേറ്റം; ഏതറ്റം വരെയും നിയമനടപടിക്ക് പോകും -നഞ്ചിയമ്മ

തൃശൂർ: അട്ടപ്പാടിയിലെ തന്‍റെ നാലേക്കർ കൈയേറിയതിനെതിരെ ഏതറ്റം വരെയും നിയമനടപടിക്ക് പോകാൻ തയാറാണെന്ന് ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ. തൃശൂരിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അവർ. മുത്തച്ഛന്റെ സ്വത്തായ നാലേക്കറാണ് അട്ടപ്പാടിയിൽ ഒരു വ്യക്തി കൈയേറിയത്. ഞങ്ങൾ ആ ഭൂമിയിൽ കയറുമ്പോൾ ആ വ്യക്തി തടുക്കുകയും തന്റെ ഭൂമിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനെതിരെ കേസ് കൊടുത്തിട്ടുണ്ട്.

തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന പണം കൂട്ടിവെച്ചാണ് പത്തുവർഷത്തോളമായി കേസ് നടത്തിവരുന്നതെന്ന് അവർ പറഞ്ഞു. ആദിവാസി കൈയേറ്റം എന്നത് അട്ടപ്പാടിയുടെ ശാപമാണ്. എല്ലായിടത്തും കൈയേറ്റമാണ്. ഞങ്ങളു​ൾപ്പെടെ കേസ് നടത്തി എത്രയോ പണം നഷ്ടമാകുന്നു. മാമന്റെ അച്ഛൻ, മാമൻ, ഭർത്താവ്, ഭർത്താവിന്റെ ഏട്ടൻ, ഇപ്പോഴിതാ ഞങ്ങൾ പെണ്ണുങ്ങളാണ് ഇപ്പോൾ കേസ് നടത്തുന്നത്.

ഞങ്ങളുടെ ഭൂമിയിൽ കയറാൻ സമ്മതിക്കുന്നില്ല. പൊലീസും എത്തി ഇ​പ്പോൾ കേസിൽ ഒരു തീരുമാനമാകട്ടെ എന്ന് പറഞ്ഞ് വിലക്കുന്നു. ഞങ്ങളുടെ ഭൂമിക്ക് എല്ലാ രേഖകളും കൈയിലുണ്ട്. ആഗസ്റ്റ് രണ്ടിന് കോടതിയിൽ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്നറിയാം തീരുമാനം.

കോടതിയിലും സർക്കാറിലുമാണ് ഞങ്ങളുടെ പ്രതീക്ഷ. ദൈവം വിചാരിക്കുന്നപോലെയേ കാര്യങ്ങൾ നടക്കൂ. എന്റെ മാത്രം കാര്യമല്ല, അട്ടപ്പാടിയിലെ കൈയേറ്റത്തിന് ഇരയായവരുടെ പ്രതീക്ഷ 'നിങ്ങളി'ലാണ്. അല്ലാതെ യുദ്ധത്തിനോ സമരത്തിനോ പോരാട്ടത്തിനോ ഞങ്ങൾ തയ്യാറല്ല. പുതുതലമുറക്ക് അത്തരം കാര്യങ്ങളിലൊന്നും താൽപര്യമില്ല താനും. പക്ഷേ അവ​ർ കൈയേറി മരം നട്ടാൽ ഞങ്ങൾ പെണ്ണുങ്ങൾ തടുക്കും.

പല മന്ത്രിമാരും കലക്ടറും അവാർഡ് കിട്ടിയ ശേഷം വന്നു കണ്ടെങ്കിലും ഈ വിഷയം അവരോട് അവതരിപ്പിക്കാനായില്ല. ഇനി അവതരിപ്പിക്കാമെന്നും അവർ പറഞ്ഞു. അട്ടപ്പാടിയിൽ കൃഷി ചെയ്യാൻ പ്രധാന തടസം ആനയും പന്നികളുമാണ്. സർക്കാർ അവയുടെ ശല്യം ഒഴിവാക്കിത്തരാം എന്ന് ഉറപ്പുനൽകുകയാണെങ്കിൽ വീണ്ടും കൃഷി ചെയ്യാൻ ഞങ്ങൾ തയാറാണ്.

മുമ്പ് റാഗി, ചാമി, പച്ചമുളക്, തക്കാളി എന്നിവയൊക്കെ കൃഷിചെയ്തിരുന്നു. അന്നത്തെ കുട്ടികൾക്ക് അതിന്റെ ഉശിര് ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് ഞങ്ങൾ പണിചെയ്തുകൊണ്ടുവരുന്ന പണം കൊണ്ട് അരി വാങ്ങിവെച്ച്കൊടുക്കണം. അവർക്ക് ഉശിര് ഇല്ലതാനും. കൃഷി ഇല്ലാതായതോടെ പെണ്ണുങ്ങൾ തൊഴിലുറപ്പിന് പോയി കിട്ടുന്ന കാശ് കൊണ്ടാണ് കുടുംബം പുലരുന്നതെന്നും അവർ പറഞ്ഞു.

തൃശൂർ പ്രസ്ക്ലബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍ മാത്യു സ്വാഗതവും ട്രഷറര്‍ കെ. ഗിരീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - land grabbing; Will go to legal action till the end-Nanchiyamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.