മൂന്നാർ: സംസ്ഥാനത്താകെ ബാധകമാകുന്ന വിധത്തില്‍ 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മൂന്നാർ പഞ്ചായത്തിലെ ഭൂരഹിതരായ 100 പേര്‍ക്ക് ഭൂമി വാങ്ങാൻ തുക അനുവദിച്ചുള്ള അനുമതി പത്രത്തിന്‍റെയും നേരത്തേ ഭൂമി വാങ്ങിയ 50 പേര്‍ക്ക് ഭവന നിര്‍മാണത്തിന് ധനസഹായം അനുവദിച്ചുള്ള അനുമതി പത്രത്തിന്‍റെയും പഞ്ചായത്തിലെ പുതിയ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ 45 ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായ രേഖയുടെയും വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
1960ല്‍ ഉണ്ടാക്കിയ ഭൂപതിവ് നിയമം 2023 ആയപ്പോള്‍ മുപ്പതോളം വിവിധ ചട്ടങ്ങള്‍ കൂടി ഉൾപ്പെട്ടതായി മാറിയിട്ടുണ്ട്. ഭൂപതിവ് നിയമം ഭേദഗതി വരുത്തുമ്പോള്‍ അതിനനുസരിച്ച് വിവിധ ചട്ടങ്ങളിലും ഭേദഗതി വേണ്ടി വരും. മൂന്നാറിലെ പ്രശ്‌നങ്ങൾ കേട്ടും ഇടുക്കിയിലെ ജനപ്രതിനിധികളുടെ വാക്കുകള്‍ മുഖവിലക്കെടുത്തും കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞുമാകും ഭൂപതിവ് നിയമവും തുടർന്നുള്ള ചട്ടഭേദഗതികളും നടപ്പാക്കുക.
നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനുവരി 25ന് റവന്യൂ, വനം ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം തിരുവനന്തപുരത്ത് ചേരുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.