ലക്ഷ്മി നായരുടെ നിയമനത്തിന് അംഗീകാരമില്ളെന്ന് സിന്‍ഡിക്കേറ്റ് അംഗം


തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരുടെ നിയമനത്തിന് കേരള സര്‍വകലാശാലയുടെ അംഗീകാരമില്ളെന്നും തല്‍സ്ഥാനത്തുനിന്ന് അവരെ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. ജോണ്‍സണ്‍ എബ്രഹാം വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി.

സര്‍വകലാശാല ചട്ടം അനുസരിച്ച് പ്രിന്‍സിപ്പല്‍ നിയമനം ലഭിച്ച് മൂന്നുമാസത്തിനകം നിയമനത്തിന് സര്‍വകലാശാലയുടെ അംഗീകാരം വാങ്ങിയിരിക്കണം. നിയമവിരുദ്ധമായി പ്രിന്‍സിപ്പലിന്‍െറ കസേരയില്‍ ഇരുന്നുകൊണ്ട് എല്ലാ കുഴപ്പങ്ങള്‍ക്കും നേതൃത്വം നല്‍കി കോളജിനെ ഇന്നത്തെ തകര്‍ച്ചയില്‍ ലക്ഷ്മി നായര്‍ എത്തിച്ചെന്നും കത്തില്‍ പറയുന്നു.

സമരത്തില്‍നിന്ന് പിന്മാറണം –മാനേജ്മെന്‍റ്

 ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘടന പ്രതിനിധികളുമായും മറ്റുള്ളവരുമായും ചര്‍ച്ച നടത്തിയശേഷമാണ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ തീരുമാനിച്ചതെന്നും അഞ്ചുവര്‍ഷം കഴിഞ്ഞുള്ള കാര്യം അന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കണം. ബുധനാഴ്ച ആരംഭിക്കുന്ന ക്ളാസുകളുമായി സഹകരിക്കണം. സമരം തുടര്‍ന്നാല്‍ പൊലീസ് സഹായത്തോടെ ക്ളാസ് നടത്തും. വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞിട്ട് ഒരു പ്യൂണിനെപ്പോലും എവിടെയും രാജിവെപ്പിച്ച ചരിത്രമില്ല. അങ്ങനെ രാജിവെച്ചാല്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങി തിരികെവരാന്‍ സാധിക്കും. അതിനാലാണ് പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുന്നത്.

കോടതിയെ സമീപിച്ച് അനുകൂല വിധിയുമായി വരാന്‍ ലക്ഷ്മി നായര്‍ക്ക് താല്‍പര്യമില്ളെന്നാണ് താന്‍ മനസ്സിലാക്കുന്നത്. മാനേജ്മെന്‍റ് തീരുമാനം ലക്ഷ്മിയെ അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കുമെന്നാണ് കരുതുന്നത്. ഇന്‍േറണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കാന്‍ പരാതി പരിഹാര സമിതി രൂപവത്കരിക്കും. അക്കാദമിയുടെ കൈവശമുള്ള ഭൂമി കെ. കരുണാകരന്‍െറ ഭരണകാലത്ത് അന്നത്തെ വിലക്ക് വാങ്ങിയതാണ്. സര്‍ക്കാര്‍ ഗ്രാന്‍റിലോ സര്‍വകലാശാലയുടെ സാമ്പത്തിക സഹായത്തോടെയോ അല്ല അക്കാദമി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പുന്നന്‍റോഡിലെ റിസര്‍ച് സെന്‍ററിന് മൂന്നു ലക്ഷം രൂപവീതം സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്.
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍നിന്ന് പിരിച്ച പണമാണ് ബാങ്കിലിട്ടത്. ഡയറക്ടറുടെ ഓഫിസ് കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിന്‍െറ ഭാഗമായി പണിതതാണ്. ഇതിന് പ്രത്യേകം കെട്ടിട നമ്പര്‍ വേണമെന്ന് അറിയില്ലായിരുന്നെന്നും നാരായണന്‍ നായര്‍ പറഞ്ഞു.

സര്‍വകലാശാലയുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാര്‍

ലോ അക്കാദമി പ്രശ്നത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സര്‍വകലാശാലതന്നെ എടുക്കണമെന്ന് സര്‍ക്കാര്‍. ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രി തന്നെയാണ്  നടപടിക്കായി വീണ്ടും സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കിയത്. നേരത്തേ ഉപസമിതി റിപ്പോര്‍ട്ട് അംഗീകരിച്ച കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അത് സര്‍ക്കാറിന് കൈമാറുകയായിരുന്നു. ചട്ടങ്ങള്‍ അനുശാസിക്കുംവിധം കര്‍ശനനടപടി സ്വീകരിക്കാന്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കാന്‍   മന്ത്രി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാലചട്ടങ്ങള്‍ക്ക് അനുഗുണമല്ലാത്തതിനാലാണിത്. കോഴ്സ് റെഗുലേഷനിലെ ന്യൂനത, ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍, പരീക്ഷക്രമക്കേടുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിശോധിക്കാനുള്ള ഉപസമിതികള്‍ അടിയന്തരയോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാര്‍ഥിപ്രതിനിധികളുമായി ചര്‍ച്ചനടത്തിയശേഷമാണ് മന്ത്രി വ്യക്തമാക്കിയത്. വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ ഏറക്കുറെ പൂര്‍ണമായും ശരിവെച്ച ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പരീക്ഷജോലികളില്‍ നിന്ന് വിലക്കുക മാത്രമാണ് ചെയ്തത്. അഫിലിയേഷന്‍ പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച് ചേരിതിരിവുണ്ടായതോടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍പരിഗണനക്ക് വിടുകയായിരുന്നു. കര്‍ശനനടപടിക്ക് തയാറാകാതിരുന്ന സര്‍വകലാശാല അതിന്‍െറ ഉത്തരവാദിത്തം സര്‍ക്കാറിന്‍െറ ചുമലിലിടുകയായിരുന്നു. 

 

 

Tags:    
News Summary - Lakshmi Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.