കാറോടിച്ചിരുന്നത് അര്‍ജുന്‍ തന്നെ; ബാലുവിന്‍റെ കുടുംബം ഞങ്ങളെ അംഗീകരിച്ചിരുന്നില്ല -ലക്ഷ്മി

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്കറും മകളും മരിച്ച അപകടത്തില്‍ കാറോടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. എന്നാൽ അപകടം ആസൂത്രിതമായിരുന്നെന്ന് കരുതുന്നില്ലെന്നും സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റതുമുതൽ ഇന്നും താൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. സംസാരശേഷി ലഭിച്ചതുമുതൽ ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും കോടതിക്ക് മുന്നിലും മൊഴി നൽകിയിട്ടുണ്ട്.

അര്‍ജുന്‍ ബാലഭാസ്കറിന്‍റെ സ്ഥിരം ഡ്രൈവറായിരുന്നില്ല. വിളിക്കുമ്പോള്‍ മാത്രമാണ് കാറോടിക്കാന്‍ വന്നിരുന്നത്. പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന്‍റെ ബന്ധുവാണ് അര്‍ജുന്‍. അവിടെവെച്ചാണ് അര്‍ജുനെ പരിചയപ്പെട്ടത്. ഒരു കേസില്‍പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നാണ് അര്‍ജുന്‍ ബാലുവിനോട് പറഞ്ഞത്. സഹായിക്കാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് കൂടെക്കൂട്ടിയത്. അര്‍ജുനെതിരെ കേസുണ്ടായിരുന്നത് ബാലുവിന് അറിയാമായിരുന്നു. അപകടസമയത്ത് വാഹനമോടിച്ചത് അർജുനനായിരുന്നു. കാറിന്‍റെ മുൻസീറ്റിൽ മകൾക്കൊപ്പമായിരുന്നു താൻ. ബാലു കാറിന്‍റെ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. ഇടക്ക് വെള്ളം കുടിക്കാൻ നിർത്തി. നിനക്ക് എന്തെങ്കിലും വേണമോയെന്ന് പിൻവശത്തിരുന്ന് ബാലു ചോദിച്ചു. വേണ്ടെന്ന് പറഞ്ഞതോടെ അർജുൻ കാറെടുത്തു. കാർ അമിത വേഗത്തിലായിരുന്നു. ഇടക്ക് എപ്പോഴോ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതുപോലെ തോന്നി. കണ്ണ് തുറന്നുനോക്കുമ്പോൾ പരിഭ്രമത്തോടെ ഡ്രൈവർ സീറ്റിലിരിക്കുന്ന അർജുനെയാണ് കണ്ടത്. തന്‍റെ ബോധം മറയുമ്പോൾ പോലും ഡ്രൈവർ സീറ്റിൽ അർജുനായിരുന്നു -ലക്ഷ്മി പറഞ്ഞു

യാത്രക്കിടയിൽ ഒരുഘട്ടത്തിലും ഞങ്ങളെ ആരും ആക്രമിച്ചിട്ടില്ല. കണ്ടതും അറിഞ്ഞതും മാത്രമേ തനിക്ക് പറയാനാകൂ. ക്ഷേത്രദർശനം നേരത്തെ കഴിഞ്ഞതിനാലാണ് അന്നുതന്നെ തിരുവനന്തപുരത്തേക്ക് തിരിക്കാൻ തീരുമാനിച്ചത്. അല്ലാതെ ആരുടെയും സമ്മർദപ്രകാരമായിരുന്നില്ല. അപകടശേഷം ബാലുവിന്‍റെ മൊബൈൽഫോൺ പ്രകാശ് തമ്പി കൈവശപ്പെടുത്തിയിരുന്നു. പിന്നീട് നൽകാമെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. എന്നാൽ നൽകിയില്ല. ഇവരൊക്കെ ക്രിമിനലുകളാണെന്ന്​ പിന്നീടാണ് മനസ്സിലായത്. ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ല. ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണങ്ങൾ കൃത്യമായിതന്നെ മുന്നോട്ടുപോകുന്നുണ്ട്. അന്വേഷണത്തെ സംബന്ധിച്ച് പരാതിയില്ല.

പ്രണയവിവാഹമായതിനാൽ ബാലുവിന്‍റെ കുടുംബം ഞങ്ങളെ അംഗീകരിച്ചിരുന്നില്ല. അപകടത്തിന് ശേഷം ബാലുവിന്‍റെ കുടുംബത്തിൽ നിന്നുണ്ടായ പരാമർശങ്ങൾ മാനസികമായി തളർത്തി. അവരുമായി ഒരുപോരാട്ടത്തിനുമില്ല. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വീട്ടുകാരുടെ ഇഷ്ടക്കേടുമുണ്ടാകും. പ്രതീക്ഷിക്കാത്ത പലരിൽ നിന്നും തനിക്കെതിരെ കേട്ടപ്പോൾ സങ്കടമുണ്ടായിട്ടുണ്ട്. ആരോപണങ്ങളോട് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഏറ്റവും വലിയ നഷ്ടം തനിക്കാണ് സംഭവിച്ചത്. ഭർത്താവിനോടും കുഞ്ഞിനോടുമുള്ള തന്‍റെ സ്നേഹവും അടുപ്പവും ചോദ്യംചെയ്യാൻ ഈ ലോകത്ത് ആർക്കും കഴിയില്ലെന്നും ലക്ഷ്മി പറഞ്ഞു.

Tags:    
News Summary - Lakshmi Balabhaskar revealing detailes of accident that killed Balabhaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.